കേരളം നാളെ വിധിയെഴുതും; 957 സ്ഥാനാർത്ഥികൾ; 27446039 വോട്ടർമാർ

കേരളം നാളെ വിധിയെഴുതും; 957 സ്ഥാനാർത്ഥികൾ; 27446039 വോട്ടർമാർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ കേരളം നാളെ പോളിങ്‌ ബൂത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് നിശ്ശബ്ദ പ്രചാരണം മാത്രം. കൊട്ടിക്കലാശമില്ലാതെയാണ് ഇത്തവണ പ്രചാരണത്തിന് കൊടിയിറങ്ങിയത്. 

140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളിൽ വൈകീട്ട് ഏഴ് വരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകീട്ട് ആറ് വരെയുമാണ് വോട്ടെടുപ്പ്. 957 സ്ഥാനാർത്ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സര രംഗത്തുള്ളത്. 

40771 പോളിങ്‌ ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കൊങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വൈകീട്ട് ആറ് മണിവരെ മാത്രമാകും വോട്ടെടുപ്പ്. 

മലപ്പുറം പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 27446039 വോട്ടർമാരാണുള്ളത്. ഇതിൽ 518520 പേർ കന്നി വോട്ടർമാരാണ്.

80 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും തപാൽവോട്ട് ഏർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ കോവിഡ് രോഗികൾക്കും അവസാന മണിക്കൂറിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി എല്ലാ ബൂത്തുകളിലും ബ്രെയിലി ലിപിയിൽ തയ്യാറാക്കിയ ഡമ്മി ബാലറ്റ് പേപ്പറും സജ്ജീകരിക്കും. 

സുരക്ഷാ ചുമതലയ്ക്കായി കേരള പൊലീസിന്റെ 59,292 ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്ര സേനയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com