കിസാന്‍ സമ്മാന്‍ നിധി; പണം കൈപ്പറ്റിയ അനര്‍ഹര്‍ക്കു തിരിച്ചടയ്ക്കാന്‍ നോട്ടീസ്

കിസാന്‍ സമ്മാന്‍ നിധി; പണം കൈപ്പറ്റിയ അനര്‍ഹര്‍ക്കു തിരിച്ചടയ്ക്കാന്‍ നോട്ടീസ്
കിസാന്‍ സമ്മാന്‍ നിധി; പണം കൈപ്പറ്റിയ അനര്‍ഹര്‍ക്കു തിരിച്ചടയ്ക്കാന്‍ നോട്ടീസ്/പിടിഐ
കിസാന്‍ സമ്മാന്‍ നിധി; പണം കൈപ്പറ്റിയ അനര്‍ഹര്‍ക്കു തിരിച്ചടയ്ക്കാന്‍ നോട്ടീസ്/പിടിഐ

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്കുള്ള സഹായം കൈപ്പറ്റിയതില്‍ അയോഗ്യരെന്നു കണ്ടെത്തിയ 18,000 ഓളം പേര്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ നോട്ടീസ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിശോധനയില്‍ സഹായത്തിന് അര്‍ഹതയില്ലെന്നു കണ്ടെത്തിയവര്‍ക്കാണ് കൈപ്പറ്റിയ പണം തിരിച്ചടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്.

കര്‍ഷകര്‍ക്കു പ്രതിവര്‍ഷം ആറായിരം രൂപ സഹായമായി ലഭിക്കുന്നതാണ് കിസാന്‍ സമ്മാന്‍ നിധി. 37 ലക്ഷം പേരാണ് പദ്ധതിക്കായി കേരളത്തില്‍നിന്ന് അപേക്ഷിച്ചത്. ഇവരില്‍ ഒട്ടുമിക്ക പേര്‍ക്കും സഹായം ലഭിക്കുകയും ചെയ്തു. എന്നാല്‍ സഹായം ലഭിച്ചവരില്‍ അനര്‍ഹര്‍ ഉണ്ടോയെന്ന പരിശോധന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുടരുകയാണ്. ഇത്തരത്തില്‍ അനര്‍ഹര്‍ എന്നു കണ്ടെത്തിയവര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്ത് ഇതുവരെ 17,431 പേര്‍ക്കാണ് പണം തിരിച്ചടയ്ക്കാന്‍ നോട്ടീസ് നല്‍കിയതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ 2295 പേരാണ് അയോഗ്യരെന്നു കണ്ടെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനയില്‍ 15,136 പേരും അയോഗ്യരെന്നു കണ്ടെത്തി. ആദായനികുതി നല്‍കുന്നവരെന്നു കണ്ടെത്തിയവരെയാണ് കേന്ദ്രം അയോഗ്യരാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം ആദായ നികുതി നല്‍കുന്നവര്‍ പദ്ധതി പ്രകാരമുള്ള സഹായത്തിന് അര്‍ഹരല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ആര്‍ക്കിടെക്റ്റുമാര്‍ തുടങ്ങിയ പ്രഫഷനലുകള്‍ക്കും അയോഗ്യതയുണ്ട്. 

നോട്ടീസ് ലഭിച്ചിട്ടും പണം തിരിച്ചടയ്ക്കാത്തവരില്‍നിന്നു റവന്യു റിക്കവറിയിലൂടെ തുക ഈടാക്കും. ഭൂരിപക്ഷം പേരും ഇതനകം തന്നെ തുക തിരിച്ചടയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com