മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തി, ഇഡിക്കെതിരെ സന്ദീപ് നായര്‍; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച്
സന്ദീപ് നായര്‍ / ഫയല്‍ ചിത്രം
സന്ദീപ് നായര്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച്. ഇഡിക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ ഉള്ളത്. 

ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് അന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാനും സന്ദീപ് നായരെ ഇഡി ഭീഷണിപ്പെടുത്തിയെന്ന് മൊഴിയില്‍ പറയുന്നു. ഇഡി കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസിക പീഡനം ഉണ്ടായെന്നും സന്ദീപ് മൊഴി നല്‍കി.

സന്ദീപിന്റെ മൊഴി നിര്‍ണ്ണായകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം ജയിലില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഇഡിക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് എറണാകുളം സിജെഎം കോടതി അനുമതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com