മീറ്റർ പരിശോധിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണു; 13 മീറ്റർ ആഴമുള്ള കിണറ്റിൽ വീണ് പമ്പ് ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം; പരാതി

മീറ്റർ പരിശോധിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണു; 13 മീറ്റർ ആഴമുള്ള കിണറ്റിൽ വീണ് പമ്പ് ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം; പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: സ്ലാബ് തകർന്ന് പമ്പ് ഹൗസിലെ 13 മീറ്റർ ആഴമുള്ള കിണറ്റിൽ വീണ് ജല അതോറിറ്റി ജീവനക്കാരൻ മരിച്ചു. പാലാ കടയം ശാസ്താസദനം‍ രാജേഷ് കുമാർ (37) ആണു മരിച്ചത്. കിടങ്ങൂർ ടൗണിനു സമീപമുള്ള കാവാലിപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം.

കിണറിനു മുകളിൽ കോൺക്രീറ്റ് ചെയ്താണ് പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്തെ രണ്ട് അടിയോളം വീതിയുള്ള മാൻ ഹോളിന്റെ സ്ലാബ് തകർന്നാണ് രാജേഷ് കിണറ്റിൽ വീണത്. ജോലി‌ സമയം കഴിഞ്ഞു പോകുന്നതിനു മുൻപ് അതുവരെ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് രേഖപ്പെടുത്താൻ സ്ലാബിൽ കയറി നിന്നു മീറ്റർ പരിശോധിക്കുന്നതിനിടെയാണ് ദുരന്തം.

ഈ സമയം മറ്റു ജീവനക്കാർ ഉണ്ടായിരുന്നില്ല. സമീപ പുരയിടത്തിൽ ചക്ക ഇടാനെത്തിയവർ നിലവിളി കേട്ട് ഓടിയെത്തിയങ്കിലും ആരെയും കണ്ടില്ല. ഈ സമയത്ത് അടുത്ത ഷിഫ്റ്റ് ജോലിയിൽ പ്രവേശിക്കാനെത്തിയ മറ്റൊരു ജീവനക്കാരൻ പമ്പ് ഹൗസിന്റെ അകത്തു കയറിയപ്പോഴാണ് സ്ലാബ് തകർന്നതു കണ്ടത്. ഉടൻ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിച്ചു.

കിണറിന്റെ പകുതിയിലേറെ വെള്ളമുണ്ട്. ചുറ്റും കോൺക്രീറ്റ് ചെയ്തിരിക്കുന്ന കിണറ്റിൽ ‌ഇറങ്ങണമെങ്കിൽ മാൻഹോൾ സ്ലാബ് നീക്കണം. കിണറ്റിൽ വായു സഞ്ചാരമില്ലാത്തതും രക്ഷാ പ്രവർത്തനത്തിനു തടസമായി. പാലായിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും കോട്ടയത്തു നിന്നുള്ള സ്കൂബ ഡൈവിങ് സംഘവും ചേർന്നാണ് 9.30നു മൃതദേഹം പുറത്തെത്തിച്ചത്.

ഓക്സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ സംഘത്തിലെ ഒരാൾ കിണറ്റിലിറങ്ങി വല ഉപയോഗിച്ചാണ് മൃതദേഹം പുറത്തെടുത്തത്. വീഴ്ചയിൽ രാജേഷിന്റെ താടി ഭാഗത്തു പരിക്കുണ്ട്. 

രണ്ട് മാസം മുൻപാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രാജേഷ് പമ്പ് ഹൗസിൽ ജോലിക്കു കയറിയത്. പരേതനായ രാമചന്ദ്രന്റെയും സുമതിയുടെയും മകനാണ്. ഭാര്യ ഷൈബി. മക്കൾ: അമൃതലക്ഷ്മി, ആരാധ്യലക്ഷ്മി. സംസ്കാരം ഇന്നു 3നു കടയത്തെ വീട്ടുവളപ്പിൽ. മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകട വിവരം ജല അതോറിറ്റി അധികൃതർ അറിയിച്ചില്ലെന്നും കാണിച്ചു ഭാര്യ കിടങ്ങൂർ പൊലീസിൽ പരാതി നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com