കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് ബിജെപി പറഞ്ഞാല്‍ എന്തുചെയ്യും?; തലശേരിയില്‍ ഷംസീറിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം; കെ സുധാകരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 01:03 PM |
Last Updated: 05th April 2021 01:03 PM | A+A A- |
കെ സുധാകരന്‍ / ടെലിവിഷന്‍ ചിത്രം
കണ്ണൂര്‍: തലശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. ഷംസീറിനെ തോല്‍പ്പിക്കുകയാണ് മുഖ്യലക്ഷ്യം. എന്നാല്‍ അതിനായി ബിജെപിക്കാരുടെ വോട്ട് ചോദിക്കില്ലെന്ന് സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ബിജെപി പറഞ്ഞാല്‍ എന്തുചെയ്യും. സിപിഎമ്മിനെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യം. അതിനായി ആരു വോട്ടുതന്നാലും സ്വീകരിക്കും. പിന്നെ ഇതിനെതിര വിമര്‍ശനം ഉന്നയിക്കുന്നത് എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് ഭരിക്കുന്നവരാണെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം തലശ്ശേരിയില്‍ മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്തുവന്നു. സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനഃസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരു ആശയകുഴപ്പവും ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.
'ബിജെപിയില്‍ ജില്ലാ നേതൃത്വത്തേക്കാളും വലുതാണ് സംസ്ഥാന പ്രസിഡന്റ്. സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് സിഒടി നസീറിന് വോട്ട് ചെയ്യാനാണ് അതിനപ്പുറം ഒന്നും പറയാനില്ല' മുരളീധരന്‍ പറഞ്ഞു. തലശ്ശേരിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരേ മനഃസാക്ഷിക്ക് വോട്ടുചെയ്യാനായിരുന്നു ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി നേതാവ് സി.ഒ.ടി. നസീര്‍ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബി.ജെ.പി. ജില്ലാ നേതൃത്വം പുതിയ തീരുമാനമെടുത്തത്. ഈ തീരുമാനമാണിപ്പോള്‍ കേന്ദ്ര വി.മുരളീധരന്‍ തള്ളി പറഞ്ഞിരിക്കുന്നത്.
നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ഥി ഇല്ലാതായാത്. കഴിഞ്ഞ തവണ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് ലഭിച്ച മണ്ഡലമാണ് തലശ്ശേരി.