പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; യുവാക്കൾ  അറസ്റ്റിൽ

റെയിൽവെ ട്രാക്കിൽ തെങ്ങിൻ തടിവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ


തിരുവനന്തപുരം: റെയിൽവെ ട്രാക്കിൽ തെങ്ങിൻ തടിവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. ശനിയാഴ്ച രാത്രി ഇടവയ്ക്കും കാപ്പിലിനും ഇടയിൽ പാറയിലായിരുന്നു സംഭവം.  ഇടവ സ്വദേശി തൊടിയിൽ ഹൗസിൽ സാജിദ്, കാപ്പിൽ സ്വദേശി ഷൈലജ മൻസിലിൽ ബിജു എന്നിവരെയാണ് റെയിൽവേ സുരക്ഷാ സേന പിടികൂടിയത്.

രാത്രി 12.50ന് വന്ന ചെന്നൈ– ഗുരുവായൂർ ട്രെയിൻ  ഒന്നര മീറ്ററോളം നീളമുള്ള തടിയിൽ തട്ടിയെ​ങ്കിലും ഉടൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന് തടി നീക്കം ചെയ്താണു യാത്ര തുടർന്നത്. ഉടൻ വിവരം റെയിൽവേ സുരക്ഷാ സേനയെ അറിയിച്ചു.  തടി കൊല്ലം ആർപിഎഫ് പോസ്റ്റിൽ എത്തിക്കുകയും ചെയ്തു.  ഇൻസ്പെക്ടർ രജനി നായർ, റെയിൽവേ പൊലീസ് എറണാകുളം ഡിവൈഎസ്പി കെ.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ  തിരുവനന്തപുരം റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ ഇതിഹാസ് താഹ, കൊല്ലം റെയിൽവേ പൊലീസ് ഗ്രേഡ് സബ് ഇൻസ്പെക്ടർ മനോജ്കുമാർ, ആർപിഎഫ് എസ്ഐ ബീന, എസ്ഐ പി.ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം പുലർച്ചെ സംഭവ സ്ഥലത്ത് എത്തി. പ്രദേശത്തെ നൂറിലധികം പേരിൽ നിന്നും റെയിൽവേ ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികളെ പിടികൂടിയത്. 

സംഭവ ദിവസം റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള സ്ഥലത്തിരുന്നു മദ്യപിച്ച പ്രതികൾ തുടർന്നു തടിക്കഷണം  ട്രാക്കിൽ വയ്ക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ മൊഴി നൽകി. റെയിൽവേ ആക്ട് പ്രകാരം ആർപിഎഫാണു കേസ് എടുത്തത്. ഇന്നലെ വൈകിട്ട് പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. ഇതിനു സമീപത്താണ് ഒരു മാസം മുൻപ് മലബാർ എക്സ്പ്രസ് ട്രെയിനിനു തീപിടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com