തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ല ; അട്ടിമറിയുണ്ടാകും: 35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രണ്ട് മുന്നണികള്‍ക്കും തിരിച്ചടിയുണ്ടാകും
കെ സുരേന്ദ്രന്‍ വോട്ടു ചെയ്യുന്നു / ട്വിറ്റര്‍ ചിത്രം
കെ സുരേന്ദ്രന്‍ വോട്ടു ചെയ്യുന്നു / ട്വിറ്റര്‍ ചിത്രം

കോഴിക്കോട് : കേരളം ഇത് ആദ്യമായി ശക്തമായ മൂന്നാം ബദലിനായി വോട്ടുചെയ്യുന്നുവെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടംനേടിത്തരുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്. ഉജ്ജ്വലമായ മുന്നേറ്റമായിരിക്കും എന്‍ഡിഎ നടത്താന്‍ പോകുന്നത്. 

എന്‍ഡിഎയുടെ കരുത്തുറ്റ മുന്നേറ്റമാകും ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രണ്ട് മുന്നണികള്‍ക്കും തിരിച്ചടിയുണ്ടാകും. സീറ്റുകളുടെ കുറവുണ്ടാകും. വോട്ടിന്‍രെ കാര്യത്തിലും വലിയ ഇടിവുണ്ടാകും. സീറ്റിന്റെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും ഏറ്റവും ശക്തമായ മുന്നേറ്റം നടത്തുക എന്‍ഡിഎയായിരിക്കും. 

നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ പൂട്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കെ സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിലെ അക്കൗണ്ടൊക്കെ മുഖ്യമന്ത്രിയുടെ പോക്കറ്റിലാണെന്നാണോ വിചാരിക്കുന്നത് ?. ജനങ്ങളാണ് യജമാനന്‍മാര്‍. ജനങ്ങള്‍ തീരുമാനിക്കുന്നത് പോലെയാണ് വോട്ടുണ്ടാകുന്നത്. നേമം ഉള്‍പ്പെടെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. എന്‍ഡിഎ മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന വാദം സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. സാഹചര്യങ്ങള്‍ നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ശക്തമായ മുന്നേറ്റമാണ് ഉണ്ടാകുക. ഒട്ടുമിക്ക മണ്ഡലങ്ങളിലും അട്ടിമറി വിജയം എന്‍ഡിഎ നേടും. മുല്ലപ്പള്ളിയുടെ പ്രസ്താവന എന്‍ഡിഎയ്ക്കല്ല, യുഡിഎഫിനും എല്‍ഡിഎഫിനുമാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പരസ്പരം കടിച്ചുകീറിയിരുന്ന മുന്നണികള്‍ വോട്ടു യാചിക്കേണ്ട സ്ഥിതിയിലെത്തിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com