സംസ്ഥാനത്ത് കനത്ത പോളിങ്, അഞ്ചുമണിയോടെ 65 ശതമാനം കടന്നു; കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം 

നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സംസ്ഥാനത്ത് കനത്ത പോളിങ്
കഴക്കൂട്ടത്തെ ബൂത്തിലെ വോട്ടര്‍മാരുടെ നീണ്ടനിര/ ചിത്രം: ബി പി ദീപു
കഴക്കൂട്ടത്തെ ബൂത്തിലെ വോട്ടര്‍മാരുടെ നീണ്ടനിര/ ചിത്രം: ബി പി ദീപു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സംസ്ഥാനത്ത് കനത്ത പോളിങ്. അഞ്ചുമണി വരെയുള്ള സമയത്ത് പോളിങ് 65 ശതമാനം കടന്നു. കോഴിക്കോടും കണ്ണൂരും പാലക്കാടുമാണ് മികച്ച പോളിങ്. കണ്ണൂരും കോഴിക്കോടും 70 ശതമാനം പിന്നിട്ടു. 68 ശതമാനമാണ് പാലക്കാട്ടെ പോളിങ്. വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രാവിലെ നടത്തിയ പ്രസ്താവന, വോട്ടെടുപ്പ് ദിവസത്തില്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്‌പോരിന് കളമൊരുക്കി. 

ഉച്ചയ്ക്ക് ഒരു മണിയോട് കൂടി തന്നെ പോളിങ് 50 ശതമാനം കടന്നിരുന്നു. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നി ജില്ലകള്‍ക്ക് പുറമേ വയനാട്, കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളിലും 65ന് മുകളിലാണ് പോളിങ് ശതമാനം. പത്തനംതിട്ടയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. അവിടെ പോളിങ് ശതമാനം 56 കടന്നിട്ടുള്ളൂ. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് ഉണ്ടായത് മുന്നണികളില്‍ പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി  തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. 

വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴക്കൂട്ടം കാട്ടായിക്കോണത്ത് വീണ്ടും സിപിഎം- ബിജെപി സംഘര്‍ഷം ഉടലെടുത്തു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി സിപിഎം പരാതിപ്പെട്ടു. ഒട്ടേറെപ്പേരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റി. പൊലീസ് പ്രവര്‍ത്തകരെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതായി സിപിഎം ആരോപിക്കുന്നു. നേരത്തെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുക വരെയുണ്ടായി.

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. 
തന്നെ ബൂത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചു. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് ധര്‍മജന്റെ ആരോപണം.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രാവിലെ ഉയര്‍ത്തിയ ശബരിമല വിഷയം ഏറ്റെടുത്താണ് യുഡിഎഫ് നേതാക്കള്‍ പോളിങ് ദിനത്തില്‍ പ്രസ്താവനകള്‍ നടത്തിയത്. അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പിന്നീട് ഇതിനെ ചുറ്റിപ്പറ്റി ഇരു മുന്നണികളിലെയും നേതാക്കള്‍ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com