സംസ്ഥാനത്ത് കനത്ത പോളിങ്, ഉച്ചയോടെ 50 ശതമാനം കടന്നു; വിശ്വാസ സംരക്ഷണത്തില്‍ വാക്‌പോര്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 03:15 PM |
Last Updated: 06th April 2021 03:34 PM | A+A A- |
കൊച്ചിയിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ കന്യാസ്ത്രീകള്‍/പിടിഐ
തിരുവനന്തപുരം: വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട വാക്‌പോര് പാര്‍ട്ടികള്‍ക്കിടെ മുറുകുന്നതിനിടെ, നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനം കടന്നു. തൃശൂര്‍, കോഴിക്കോട്, പാലക്കാട് എന്നി ജില്ലകളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് ഉണ്ടായത് മുന്നണികളില്‍ പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ട്.
തൃശൂരും കോഴിക്കോടും പോളിങ് 57 ശതമാനം കടന്നു. പാലക്കാട് ഇത് 56 ശതമാനത്തിന് മുകളിലാണ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇത് യഥാക്രമം 55, 54,54 എന്നിങ്ങനെയാണ് പോളിങ് ശതമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജപി സംഘര്‍ഷമുണ്ടായി. നാല് ബിജെപി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.
തന്നെ ബൂത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചു. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് ധര്‍മജന്റെ ആരോപണം.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രാവിലെ ഉയര്‍ത്തിയ ശബരിമല വിഷയം ഏറ്റെടുത്താണ് യുഡിഎഫ്. നേതാക്കള്‍ പോളിങ് ദിനത്തില്‍ പ്രസ്താവനകള്‍ നടത്തിയത്. അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പിന്നീട് ഇതിനെ ചുറ്റിപ്പറ്റി ഇരു മുന്നണികളിലെയും നേതാക്കള്‍ രംഗത്തെത്തി.