ഒമ്പതു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് വൈകീട്ട് ആറുമണി വരെ മാത്രം ; സുരക്ഷയ്ക്ക് കേന്ദ്രസേനയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 07:00 AM |
Last Updated: 06th April 2021 07:00 AM | A+A A- |
പോളിങ് ബൂത്ത് / എഎന്‍ഐ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പതു മണ്ഡലങ്ങളിൽ രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള മണ്ഡലങ്ങളിലാണ് പോളിങ് ഒരു മണിക്കൂർ നേരത്തെ അവസാനിപ്പിക്കുന്നത്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കൊങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് വൈകീട്ട് ആറ് മണിവരെ വോട്ടെടുപ്പ് നടക്കുക.
ഈ മണ്ഡലങ്ങളിൽ കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പോളിങ് ബൂത്തിന്റെ സുരക്ഷയ്ക്കായി പൊലീസിനൊപ്പം കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ചുമതലയ്ക്കായി കേരള പൊലീസിന്റെ 59,292 ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്ര സേനയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ അതിർത്തികൾ അടച്ചു. നിയന്ത്രണം കേന്ദ്രസേനയെ ഏൽപ്പിച്ചിരിക്കുകയാണ്.
പ്രസ്നബാധിതബൂത്തുകളിൽ വോട്ടെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കും. ഇവിടങ്ങളിൽ അധിക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 27446039 വോട്ടർമാരാണുള്ളത്. ഇതിൽ 518520 പേർ കന്നി വോട്ടർമാരാണ്. 957 സ്ഥാനാർത്ഥികളാണ് സംസ്ഥാന നിയമസഭതെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്.