ഇനി പരീക്ഷാ ചൂട്; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം
By സമകാലിക മലയാളം ഡെസ്ക് | Published: 07th April 2021 06:59 AM |
Last Updated: 07th April 2021 06:59 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, പരീക്ഷകൾക്കാണ് തുടക്കമാകുന്നത്. ഒമ്പത് ലക്ഷത്തോളം വിദ്യാർഥികളാണ് വ്യാഴാഴ്ച മുതൽ പരീക്ഷ ചൂടിലേക്ക് കടക്കുന്നത്.
എസ്എസ്എൽസി പരീക്ഷ ഏപ്രിൽ 8 മുതൽ 12വരെ ഉച്ചക്ക് ശേഷവും 15 മുതൽ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതൽ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും. ഹയർസെക്കൻഡറി, വിഎച്ച്എസ്.ഇ പരീക്ഷകൾ 9.40ന് ആരംഭിക്കുക.
ഹയർസെക്കൻഡറി പരീക്ഷ 26നും വിഎച്ച്എസ്ഇ ഒമ്പതിന് തുടങ്ങി 26നും അവസാനിക്കും. 4,22,226 പേരാണ് 2947 കേന്ദ്രങ്ങളിലായി ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഇതിൽ 4,21,977 പേർ സ്കൂൾ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷയെഴുതും.
2004 കേന്ദ്രങ്ങളിലായി 4,46,471 പേർ ഹയർസെക്കൻഡറി പരീക്ഷയെഴുതും. പരീക്ഷയെഴുതുന്നവരിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. സ്കൂൾ ഗോയിങ് വിഭാഗത്തിൽ 3,77,939 പേരാണ് പരീക്ഷയെഴുതുന്നത്. 27000ത്തോളം വിദ്യാർഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്.