മാസ്ക് മറക്കരുത് ; പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 07:09 AM |
Last Updated: 08th April 2021 07:38 AM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തുടങ്ങുന്ന സാഹചര്യത്തിൽ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം പരീക്ഷകൾ നടത്തേണ്ടതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷാകേന്ദ്രത്തിലൊരുക്കും.
പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലും ക്ലാസ് മുറികള്‍ക്കുമുന്നിലും വിദ്യാര്‍ത്ഥികള്‍ക്ക് കൈകഴുകാന്‍ സോപ്പും വെള്ളവും ഒരുക്കണം. ശീതീകരിച്ച മുറികളില്‍ പരീക്ഷ നടത്തരുത്. വായുസഞ്ചാരമുള്ള മുറികളിലായിരിക്കണം പരീക്ഷ നടത്തേണ്ടതെന്നും പൊതു വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
യാത്രാവേളയിലും പരീക്ഷാഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.
പരീക്ഷയ്ക്ക് മുൻപും ശേഷവും സുഹൃത്തുക്കളുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക.
മാതാപിതാക്കള്‍ കഴിവതും വിദ്യാർത്ഥികളെ അനുഗമിക്കാതിരിക്കുക.
പരീക്ഷാഹാളില്‍ പേന, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, പഠനോപകരണങ്ങള്‍ തുടങ്ങിയവ പരസ്പരം പങ്കുവയ്‌ക്കാതിരിക്കുക.
പരീക്ഷക്ക് ശേഷം ഹാളില്‍നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക.
ക്വാറന്റീന്‍ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാർത്ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക.
കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വിദ്യാര്‍ത്ഥിയും ഇന്‍വിജിലേറ്ററും പിപിഇ കിറ്റ് ധരിക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.