'മിഷന്‍' പൂര്‍ത്തിയാക്കി കൊച്ചി മെട്രോ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പടിയിറങ്ങി 

2019 സെപ്റ്റംബര്‍ 27 നാണ് ശര്‍മ്മ കെഎംആര്‍എല്‍ എംഡിയായി ചുമതലയേറ്റത്
അല്‍കേഷ് കുമാര്‍ ശര്‍മ /ഫെയ്സ്ബുക്ക്
അല്‍കേഷ് കുമാര്‍ ശര്‍മ /ഫെയ്സ്ബുക്ക്

കൊച്ചി : കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ( കെഎംആര്‍എല്‍) എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പടിയിറങ്ങി. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായി നിയമിതനായ അല്‍കേഷ് കുമാര്‍ ഇന്നലെ കൊച്ചി മെട്രോയുടെ ചുമതല ഒഴിഞ്ഞു. ഡല്‍ഹിയില്‍ ഇന്ന് അല്‍കേഷ് കുമാര്‍ പുതിയ ചുമതലയേല്‍ക്കും. 

പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി വേണ്ട പദ്ധതികളുടെ ഏകോപന ചുമതലയാണ് അല്‍കേഷ് കുമാര്‍ ശര്‍മയ്ക്ക്. കൊച്ചിക്കും കേരളത്തിനും ഒന്നര വര്‍ഷം കൊണ്ട് ഒട്ടേറെ അഭിമാന മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അല്‍കേഷ് മെട്രോയുടെ പടിയിറങ്ങുന്നത്. 2019 സെപ്റ്റംബര്‍ 27 നാണ് ശര്‍മ്മ കെഎംആര്‍എല്‍ എംഡിയായി ചുമതലയേറ്റത്. 

ഇതോടൊപ്പം കൊച്ചി സ്മാര്‍ട്ട് മിഷന്‍ സിഇഒ, കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പ്രൊജക്ട് മേധാവി, സംസ്ഥാനത്തെ മെഗാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളുടെ സ്‌പെഷല്‍ ഓഫീസര്‍, കിഫ്ബി പദ്ധതികളുടെ സ്‌പെഷല്‍ ഓഫീസര്‍ എന്നീ ചുമതലകളും വഹിച്ചു. കൊച്ചി മെട്രോയുടെ തൈക്കൂടം സ്‌റ്റേഷന്‍ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ചുമതലയേറ്റ അല്‍കേഷ് കുമാര്‍ കോവിഡ് ലോക്ഡൗണ്‍ കാലത്ത് കൊച്ചി മെട്രോ നിര്‍മ്മാണം ഇരട്ടി വേഗത്തിലാക്കി. 

പേട്ട സ്‌റ്റേഷന്‍ കമ്മീഷനിങ്ങോടെ മെട്രോ ആദ്യഘട്ടം പൂര്‍ത്തിയാക്കി. എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രാനുമതി ലഭിച്ചതും അല്‍കേഷ് കുമാര്‍ ശര്‍മയുടെ ശ്രമഫലമായിട്ടാണ്. ചമ്പക്കരയിലും പേട്ടയിലും കെഎംആര്‍എല്‍ രണ്ടു പാലങ്ങളും പൂര്‍ത്തിയാക്കി. 

വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടും രണ്ടു ടെര്‍മിനലുകളും കമ്മീഷന്‍ ചെയ്തു. ബോട്ട് നിര്‍മ്മാണം പൂര്‍ത്തിയായി. അടുത്ത മാസം സര്‍വീസ് തുടങ്ങും. എല്ലാ ടെര്‍മിനലുകളുടെയും നിര്‍മ്മാണം ആരംഭിച്ചു. കെഎംആര്‍എല്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സ്റ്റേഷനിലെ പുതിയ ഓഫീസിലേക്ക് മാറിയതും അല്‍കേഷ് കുമാര്‍ ശര്‍മയുടെ കാലത്താണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com