മൻസൂർ വധം : കണ്ണൂരില്‍ ഇന്ന് സമാധാനയോഗം; പാനൂര്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കി

സംഘര്‍ഷാവസ്ഥ  കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ പുല്ലൂക്കര-പാറാല്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്
കൊല്ലപ്പെട്ട മന്‍സൂര്‍, സിപിഎം ഓഫീസ് തീയിട്ടപ്പോള്‍/ടെലിവിഷന്‍ ദൃശ്യം
കൊല്ലപ്പെട്ട മന്‍സൂര്‍, സിപിഎം ഓഫീസ് തീയിട്ടപ്പോള്‍/ടെലിവിഷന്‍ ദൃശ്യം

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടർന്നുള്ള സംഘർഷങ്ങൾക്ക് അറുതി വരുത്താനായി ജില്ലാ കളക്ടർ വിളിച്ച സമാധാന യോ​ഗം ഇന്ന് ചേരും. രാവിലെ 11 ന് കളക്ടറേറ്റിലാണ് രാഷ്ട്രീയപാർട്ടികളുടെ യോ​ഗം വിളിച്ചിട്ടുള്ളത്. ലീ​ഗ് പ്രവർത്തകൻ മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്തെ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്. 

പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.  ഇത് കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ പുല്ലൂക്കര-പാറാല്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. 
മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍നിന്നു പുറപ്പെട്ടശേഷം രാത്രി എട്ടോടെ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടാകുകയായിരുന്നു. 

ബാവാച്ചി റോഡിലെ  സിപിഎം  പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും വൈദ്യുതി ഓഫീസിനു സമീപത്തെ ആച്ചുമുക്ക് ഓഫീസും അടിച്ചുതകര്‍ത്തു തീയിട്ടു. കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ ഇ.എംഎസ്. സ്മാരക വായനശാലയും കൃഷ്ണപ്പിള്ള മന്ദിരവും  തീയിട്ടു നശിപ്പിച്ചു. രക്തസാക്ഷിമണ്ഡപവും സിപിഎം കൊടിമരങ്ങളും നശിപ്പിച്ചു. 

ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ ഇന്ന് സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തും. മന്‍സൂര്‍ വധക്കേസില്‍ പിടിയിലാകാനുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വോട്ടെടുപ്പിന് ശേഷം രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം മന്‍സൂറിനെയും സഹോദരന്‍ മുഹസിനെയും വെട്ടുകയായിരുന്നു. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഇടത് കാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com