മാടത്തരുവിയിൽ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ദാരുണം

മാടത്തരുവിയിൽ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ദാരുണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. റാന്നി മന്ദമരുതി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ചേത്തയ്ക്കൽ പിച്ചനാട്ട് കണ്ടത്തിൽ പിഎസ് പ്രസാദിന്റെ മകൻ അഭിഷേക് (ശബരി-14), പത്മവിലാസം അജിത്ത്കുമാറിന്റെ മകൻ അഭിജിത്ത് (ജിത്തു-14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവം. 

ഇരുവരും സുഹൃത്ത് കുളത്തുങ്കൽ ദുർഗ്ഗാദത്തും ചേർന്നാണ് മൂന്ന് കിലോമീറ്ററോളം അകലെയുള്ള മാടത്തരുവിയിൽ കുളിക്കാനെത്തിയത്. മൂന്ന് പേരും അയൽവാസികളാണ്‌. മാടത്തരുവിയിലെ മരുതിക്കുഴി എന്നറിയപ്പെടുന്ന ഭാഗത്താണിവർ കുളിക്കാനിറങ്ങിയത്. ഈ ഭാഗത്തെങ്ങും ആൾ താമസമില്ല. 

സെൽഫിയെടുക്കുന്നതിനായി മോബൈൽ ഫോൺ എടുക്കുന്നതിനായി ദുർഗ്ഗാദത്ത് കരയിലേക്ക് പോയി. തിരികെ വന്നപ്പോൾ  അഭിഷേകിനെയും അഭിജിത്തിനെയും കണ്ടില്ല. വിളിച്ചു നോക്കിയിട്ടും ഫലമില്ലാത്തതിനെ തുടർന്ന് ചേത്തയ്ക്കലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. ആദ്യമെത്തിയ ദുർഗ്ഗാദത്തിന്റെ അച്ഛന്റെ സഹോദരൻ ജിനേഷാണ് മാടത്തരുവിക്ക് താഴെയുള്ള കയത്തിൽ നിന്നു ഇരുവരെയും കരയ്‌ക്കെടുത്തത്.

ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ അഭിഷേകിനെ മന്ദമരുതിയിലെയും അഭിജിത്തിനെ റാന്നിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് ഫയർഫോഴ്‌സും റാന്നി പൊലീസും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാരിവരെ ആശുപത്രിയിലെത്തിച്ചിരുന്നു. മൃതദേഹങ്ങൾ ‌റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. കോവിഡ് പരിശോധനയ്ക്കു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com