കണ്ണൂരിലെ സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു ; പൊലീസ് നടപടി ഏകപക്ഷീയമെന്ന് ആരോപണം

കൊലപാതകികളുടെ നേതാക്കളാണ് യോഗത്തില്‍ ഇരിക്കുന്നതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി
കണ്ണൂരിലെ യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷന്‍ ചിത്രം
കണ്ണൂരിലെ യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷന്‍ ചിത്രം

കണ്ണൂര്‍ : പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ മരണത്തെത്തുടര്‍ന്ന് കണ്ണൂര്‍ കളക്ടര്‍ വിളിച്ച സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. പൊലീസ് നടപടികള്‍ ഏകപക്ഷീയമെന്ന് ആരോപിച്ചാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്. കൊലപാതകികളുടെ നേതാക്കളാണ് യോഗത്തില്‍ ഇരിക്കുന്നതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. 

മന്‍സൂറിന്റെ കൊലപാതകം നടന്നിട്ട് 40 മണിക്കൂര്‍ കഴിഞ്ഞിട്ടും, കൊലപാതകികളെ കണ്ടെത്താനോ, അവര്‍ക്ക് വേണ്ടി ആയുധസംഭരണം നടത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് സതീശന്‍ പാച്ചേനി വ്യക്തമാക്കി. ഷുഹൈബ് വധത്തില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന പൊലീസ് സംവിധാനം അതേ വഴിക്കാണ് മന്‍സൂറിന്റെ കൊലപാതകക്കേസിലും മുന്നോട്ടുപോകുന്നത്. അങ്ങനെയെങ്കില്‍ അതിശക്തമായ പ്രക്ഷോഭം യുഡിഎഫ് സംഘടിപ്പിക്കുമെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. 

കുറ്റകൃത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും പേര് വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന മുഹസിന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതില്‍ ഒറ്റയാളെ പോലും തിരയാനോ, പിടികൂടാനോ പൊലീസ് തയ്യാറായിട്ടില്ല. പകരം മന്‍സൂറിന്റെ ഖബറടക്കം കഴിഞ്ഞ് വരുന്ന ലീഗ് പ്രവര്‍ത്തകന്മാരെ പൊലീസ് വളഞ്ഞിട്ട് പിടിച്ച് വണ്ടിയില്‍ കയറ്റി നിഷ്ഠൂരമായി മര്‍ദ്ദിക്കുകയാണ് ചെയ്തതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്ന പൊലീസിനോടും ജില്ലാ ഭരണകൂടത്തോടും സഹകരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. 

അതിനിടെ പാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകന്‍ ഷിനോസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഷിനോസ്. അക്രമ സംഭവങ്ങളുണ്ടായ പാനൂര്‍ പെരിങ്ങത്തൂര്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. രാത്രി ഉണ്ടായ അക്രമങ്ങളില്‍ തകര്‍ന്ന പാര്‍ട്ടി ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും എം വി ജയരാജന്‍, പി ജയരാജന്‍, കെ പി മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സംഘം സന്ദര്‍ശിച്ചു. ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും എം വി ജയരാജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com