വീണ എസ് നായരുടെ 50 കിലോ പോസ്റ്ററുകള്‍ ആക്രിക്കടയില്‍, കോണ്‍ഗ്രസില്‍ വിവാദം, അന്വേഷണം

നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്
വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കൂട്ടിയിട്ട നിലയില്‍
വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കൂട്ടിയിട്ട നിലയില്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തി. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് ആക്രിക്കടയില്‍ കണ്ടെത്തിയത്.നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് പോസ്റ്ററുകള്‍ ആക്രിക്കടയുടെ പുറത്തെ ഷെഡില്‍ കൂട്ടിയിട്ടിരിക്കുന്ന നിലയില്‍ കാണപ്പെട്ടത്. കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയതെന്നും കൊണ്ടുവന്നയാളെ അറിയില്ലെന്നും ആക്രിക്കടയുടമ പറഞ്ഞു. പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റത് കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. 

വോട്ടെടുപ്പ് ദിനം ബൂത്ത് അലങ്കരിക്കാന്‍ നല്‍കിയ പോസ്റ്ററിന്റെ ബാക്കി പ്രവര്‍ത്തകരിലാരെങ്കിലും ആക്രക്കടയില്‍ എത്തിച്ചതാകാമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. പോസ്റ്റര്‍ സംഭവവുമായി ബന്ധപ്പെട്ട് ബാലു എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചുറ്റിപ്പറ്റി കോണ്‍ഗ്രസ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ ഡി സി സി ഭാരവാഹിയെ ചുമതലപ്പെടുത്തിയതായി തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. ആരെങ്കിലും മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ നടപടിയുണ്ടാകുമെന്നും സനല്‍ പറഞ്ഞു. 

ശക്തമായ ത്രികോണ മല്‍സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മണ്ഡലം രൂപീകരിച്ചശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. എന്നാല്‍ 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതുമുന്നണിക്കൊപ്പമായി. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് യുവനേതാവ് വീണ നായരെ സ്ഥാനാര്‍ത്ഥിയാക്കിയത്.

നിലവിലെ എംഎല്‍എ വി കെ പ്രശാന്താണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. നേമത്തിനുശേഷം ബിജെപി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com