'കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്, പിന്നെ കിടന്ന് മോങ്ങരുത്' ; അൻവറിന്റെ മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2021 07:20 AM |
Last Updated: 09th April 2021 07:23 AM | A+A A- |
പിവി അൻവർ എംഎൽഎ/ ഫയൽ
മലപ്പുറം : കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്ന് യുഡിഎഫിന് പി വി അൻവർ എംഎൽഎയുടെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവറിന്റെ പ്രതികരണം. നിലമ്പൂർ മണ്ഡലത്തിലെ മൂത്തേടം പഞ്ചായത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് നേരേയുണ്ടായ ആക്രമണത്തിലാണ് അൻവറിന്റെ മുന്നറിയിപ്പ്.
ഡിവൈഎഫ്‌ഐ എടക്കര ബ്ലോക്ക് കമ്മറ്റി അംഗം ക്രിസ്റ്റി ജോണിനെ മരുന്നു വാങ്ങാനായി മൂത്തേടം അങ്ങാടിയിൽ എത്തിയപ്പോൾ വാഹനത്തിൽനിന്ന് പിടിച്ചിറക്കി യുഡിഎഫ് ക്രിമിനലുകൾ ആക്രമിച്ചുവെന്ന് അൻവർ പറഞ്ഞു. കഴുത്തിന് നേരേ വന്ന വെട്ട് ഒഴിഞ്ഞ് മാറിയതിനാൽ നെറ്റിയിലാണ് കൊണ്ടത്.
യുഡിഎഫ് ക്രിമിനലുകളോടാണ്.. ‘ഞങ്ങളുടെ ഓരോ പ്രവർത്തകന്റെയും ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണ്. ഒരേ ഘടന തന്നെയാണ് ഞങ്ങളുടെയും നിങ്ങളുടെയും ശരീരങ്ങൾക്ക്. വെറുതെ.. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്. പിന്നെ കിടന്ന് മോങ്ങരുത്.. അൻവർ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നിലമ്പൂർ മണ്ഡലത്തിലെ മൂത്തേടം പഞ്ചായത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് നേരേ യുഡിഎഫ് ക്രിമിനലുകളുടെ വധശ്രമം. ഡിവൈഎഫ്‌ഐ എടക്കര ബ്ലോക്ക് കമ്മറ്റി അംഗം ക്രിസ്റ്റി ജോണിനെയാണ് മരുന്നു വാങ്ങാനായി മൂത്തേടം അങ്ങാടിയിൽ എത്തിയപ്പോൾ വാഹനത്തിൽനിന്ന് പിടിച്ചിറക്കി ആക്രമിച്ചത്. കഴുത്തിന് നേരേ വന്ന വെട്ട് ഒഴിഞ്ഞ് മാറിയതിനാൽ നെറ്റിയിലാണ് കൊണ്ടത്. ക്രിസ്റ്റിയെ എടക്കര പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലാക്കിയത്.
കാരപ്പുറത്ത് വച്ച് കഴിഞ്ഞ ദിവസം എൽഡിഎഫ് പ്രചാരണ വാഹനം തല്ലിതകർത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിഷയങ്ങൾ ഇന്നലെ എടക്കര പൊലീസ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ച് ചേർത്ത് പരിഹരിച്ചിരുന്നു. ഇതിനിടെയാണ് പ്രദേശത്തെ സമാധാന അന്തരീക്ഷം വീണ്ടും തകർക്കാനുള്ള ശ്രമം നടക്കുന്നത്.
യുഡിഎഫ് ക്രിമിനലുകളോടാണ്.. ‘ഞങ്ങളുടെ ഓരോ പ്രവർത്തകന്റെയും ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണ്. പണ്ട് നിലമ്പൂർ നിങ്ങളുടെ പൊന്നാപുരം കോട്ടയായിരുന്നിരിക്കാം. ഇന്നതല്ല. മറക്കരുത്. ഒരേ ഘടന തന്നെയാണ് ഞങ്ങളുടെയും നിങ്ങളുടെയും ശരീരങ്ങൾക്ക്. വെറുതെ.. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്. പിന്നെ കിടന്ന് മോങ്ങരുത്..’