'ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരുവല്ല, ചിലര്‍ എന്റെ മരണം ആഗ്രഹിക്കുന്നു, നിങ്ങള്‍ പരാജയപ്പെടും'; പ്രചാരണം തള്ളി ശ്രീരാമകൃഷ്ണന്‍

താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നും കുടുംബം തകര്‍ന്നുപോയെന്നുമുള്ള പ്രചാരണം തള്ളി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

കൊച്ചി: താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നും കുടുംബം തകര്‍ന്നുപോയെന്നുമുള്ള പ്രചാരണം തള്ളി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ഇത്തരം കള്ളപ്രചാരണങ്ങള്‍ തളളിക്കളയുക. ഇങ്ങനെ അധമ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് കേരളം തീരുമാനിക്കട്ടെ എന്നും സ്പീക്കര്‍ വീഡിയോയില്‍ പറയുന്നു.

വീഡിയോയുടെ പൂര്‍ണരൂപം

'ഞാന്‍ ഇവിടെ ഉണ്ട് എന്ന് പറയേണ്ട അവസ്ഥയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തി. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. എന്റെ കുടുംബം തകര്‍ന്നുപോയി. തുടങ്ങിയ ദിവാസ്വപ്‌നങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു നികൃഷ്ട ജീവി നവമാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചു. കുറെയാളുകള്‍ അത് ഏറ്റുപിടിച്ചു. പാവപ്പെട്ട ചിലര്‍ ഇത് വിശ്വസിച്ചിട്ടുണ്ടാകാം. ഒരു ആത്മഹത്യയുടെയും മുന്നില്‍ അഭയം പ്രാപിക്കുന്ന ഒരാള്‍ അല്ല ഞാന്‍. അത്രയും ഭീരുവുമല്ല.  ഏത് അന്വേഷണ ഏജന്‍സിയുടെ മുന്നിലും വിവരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചട്ടപ്രകാരം അവര്‍ വിവരം ചോദിച്ചാല്‍ നല്‍കുന്നതിന് ഒരു തടസവുമില്ല. രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോട് കൂടി , എന്റെ മരണം പോലും ആഗ്രഹിക്കുന്ന ചിലര്‍ പ്രചാരണം നടത്തുന്നു. എനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായിട്ട് ഞാന്‍ ഇതിനെ കരുതുന്നില്ല. ആ സുഹൃത്തിനോട് പറയുന്നു. നിങ്ങള്‍ അതില്‍ പരാജയപ്പെടും. പ്രസ്ഥാനത്തിന്റെ കരുത്തിലാണ് നില്‍ക്കുന്നത്.  പത്തുവയസില്‍ പ്രസ്ഥാനത്തിന്റെ ഭാഗമായ ആളാണ് ഞാന്‍. 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ കഠിനവും ചീത്തയുമായി നിരവധി അനുഭവങ്ങളിലൂടെയാണ് കടന്നുവന്നത്. അതുകൊണ്ട് ഇത്തരം പ്രചാരണങ്ങളില്‍ തലകുനിച്ച് നില്‍ക്കുകയില്ല. നിങ്ങള്‍ ഇത് വിശ്വസിക്കേണ്ടതില്ല. എല്ലാം ശുദ്ധ കളവാണ്.'

'എനിക്ക് അല്‍പ്പം പനി പിടിച്ചിട്ടുണ്ട്. അത് സത്യമാണ്. പനി പിടിച്ച് പകല്‍ വിശ്രമത്തിലായിരുന്നു. വൈകുന്നേരമാണ് വാര്‍ത്ത പ്രചരിക്കുന്നത്് അറിഞ്ഞത്. ഇത്തരം കള്ളപ്രചാരണങ്ങള്‍ തളളിക്കളയുക. ഇങ്ങനെ അധമ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് കേരളം തീരുമാനിക്കട്ടെ എന്ന് ആവശ്യപ്പെടുന്നു.'- വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com