പി പ്രസാദിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു ; മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, ആലപ്പുഴ സിപിഐയില്‍ നടപടി

മന്ത്രി കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ അച്ചടക്ക നടപടി എടുത്തത്
സ്ഥാനാര്‍ത്ഥി പി പ്രസാദ് / ഫയല്‍ ചിത്രം
സ്ഥാനാര്‍ത്ഥി പി പ്രസാദ് / ഫയല്‍ ചിത്രം

ആലപ്പുഴ : ചേര്‍ത്തലയിലെ ഇടതു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് സിപിഐയില്‍ നടപടി. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ത്തല കരുവ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയുമായ പി പ്രദ്യുതിനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. 

മന്ത്രി കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ അച്ചടക്ക നടപടി എടുത്തത്. ചേര്‍ത്തലയിലെ സിപിഐ സ്ഥാനാര്‍ത്ഥി പി പ്രസാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും പ്രദ്യുത് വിട്ടുനിന്നിരുന്നു. മാത്രമല്ല, പ്രസാദിനെ തോല്‍പ്പിക്കണമെന്ന് പ്രദ്യുത് പലരോടും സംസാരിച്ചിരുന്നു എന്നും സിപിഐ നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രദ്യുത് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടി പ്രാദേശിക നേതൃത്വവും സിപിഐ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേര്‍ന്ന സിപിഐ കരുവ ലോക്കല്‍ കമ്മിറ്റി യോഗം പ്രദ്യുതിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. 

മന്ത്രി പി തിലോത്തമനെ കൂടാതെ, മണ്ഡലം സെക്രട്ടറി എം സി സിദ്ധാര്‍ത്ഥന്‍, അസിസ്റ്റന്റ് സെക്രട്ടറി യു മോഹനന്‍ എന്നീ നേതാക്കളും ലോക്കല്‍ കമ്മിറ്റി നേതാക്കളും യോഗത്തില്‍ സംബന്ധിച്ചിരുന്നു. പ്രദ്യുതിനെതിരായ നടപടിയെ മന്ത്രി തിലോത്തമന്‍ എതിര്‍ത്തില്ല. പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനാണ് അച്ചടക്ക നടപടി നേരിട്ട പ്രദ്യുത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com