ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ് വ്യാപനം അതിരൂക്ഷം; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ബീച്ചിലേക്ക് പ്രവേശനം 5 മണിവരെ മാത്രം; 18 പഞ്ചായത്തുകളും കോര്‍പ്പറേഷനും ഹോട്ട്‌സ്‌പോട്ട്

 വിനോദസഞ്ചാരമേഖലയില്‍ ഒരേ സമയം 200 പേര്‍ മാത്രം - കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല 

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബീച്ച്, ഡാം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശം അഞ്ചുമണിവരെ മാത്രം. വിനോദസഞ്ചാരമേഖലയില്‍ ഒരേ സമയം 200 പേരില്‍ കുടാന്‍ പാടില്ലെന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് കോഴിക്കോട് ജില്ലയില്‍ മാത്രം  ആയിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

1271 പേരാണ് രോഗബാധിതര്‍. 407 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കം വഴിയാണ് 1243 പേര്‍ക്ക് രോഗബാധ. ഉറവിടമറിയാത്ത 18 കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് 8203 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.12 ശതമാനമാണ്. ഇതുവരെ ജില്ലിയല്‍ 134356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍, മേപ്പയൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് കൂടുതല്‍ കോവിഡ് ബാധിതറുള്ള ക്ലസ്റ്ററുകള്‍. 

സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,37,68,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4783 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com