പാറയിൽ തലയിടിപ്പിച്ചു കൊന്ന് കൊക്കയിൽ തള്ളി, പുല്ലിൽ തടഞ്ഞ മൃതദേഹം വലിച്ച് താഴേക്കിട്ടു; ഉറ്റസുഹൃത്ത് അറസ്റ്റിൽ

ഇക്കഴിഞ്ഞ് നാലിനാണ് ഊരകം എരമപാറയിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ പുതുപ്പറമ്പിലെ വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരനുമായ നൗഫൽ (18)ന്റെ മൃതദേഹം കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം; കൊക്കയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഉറ്റ സുഹൃത്ത് സൽമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ് നാലിനാണ് ഊരകം എരമപാറയിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ പുതുപ്പറമ്പിലെ വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരനുമായ നൗഫൽ (18)ന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ​ഗുരുതര പരുക്കായിരുന്നു മരണത്തിന് കാരണം. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 

കൊലപാതകം നടക്കുന്നതിന്റെ തലേദിവസം വൈകുന്നേരം അഞ്ചരയോടെ  നൗഫൽ താമസിക്കുന്ന ക്വോർട്ടേഴ്‌സിൽ നിന്നും മുഹമ്മദ് സൽമാൻ വിളിച്ചിറക്കിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് ഇരുവരും ബൈക്കില്‍ ഊരകം മലയിലെ എരുമപ്പാറയിൽ എത്തുകയും ഇരുവരും കഞ്ചാവ് വലിക്കുകയും ചെയ്തു. ലഹരിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മുഹമ്മദ് സൽമാൻ, നൗഫലിനെ അടിച്ചുവീഴ്ത്തി. 

നീണ്ട മുടിയുള്ള നൗഫലിന്റെ തല പാറയിൽ അടിച്ച് മാരകമുറിവുണ്ടായി. രക്തം വാർന്നാണ് യുവാവ് മരിക്കുന്നത്. തുടർന്ന് സൽമാൻ മൃതദേഹം  താഴേക്ക് തള്ളിയിട്ടു. എന്നാൽ മൃതദേഹം പുല്ലിൽ തടഞ്ഞു നിന്നു. വീണ്ടും മുഹമ്മദ് സൽമാൻ താഴെയെത്തി നാല്പത് മീറ്ററോളം താഴ്ച്ചയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയ്ക്കിടത്തി. 

തിരിച്ചു ബൈക്കിലെത്തിയ സൽമാൻ അമ്മയെ കൂട്ടി അച്ഛന്റെ നാടായ മൈസൂരിലേക്കു പോയി. അതേ സമയം നൗഫൽ വീട്ടിലെത്താത്തതിനാൽ വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലിന് എടുക്കുന്നതിന് ഹാജരാകണം എന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതി വേങ്ങര പോലീസ് സ്റ്റേഷനിൽ എത്തുന്നത്. വെള്ളിയാഴ്ച്ച അറസ്റ്റു ചെയ്ത്  മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കേസന്വേഷണത്തിനായി  നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com