മൻസൂർ വധക്കേസ് പ്രതിയുടെ മരണത്തിൽ ദുരൂഹത; ആന്തരിക അവയവങ്ങളിൽ ക്ഷതം, പോസ്റ്റുമോർട്ടം റിപ്പോർട്ട്

മൂക്കിന് അടുത്തായി കണ്ടെത്തിയ മുറിവിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നി​ഗമനം
കൊല്ലപ്പെട്ട മന്‍സൂര്‍ / ഫെയ്‌സ്ബുക്ക്‌
കൊല്ലപ്പെട്ട മന്‍സൂര്‍ / ഫെയ്‌സ്ബുക്ക്‌

കണ്ണൂർ; മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത. മരണത്തിന് മുൻപ് രതീഷിനെ ശ്വാസം മുട്ടിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങളിൽ ക്ഷതമുണ്ടെന്നും കണ്ടെത്തി. മൂക്കിന് അടുത്തായി കണ്ടെത്തിയ മുറിവിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നി​ഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറി. മൃതദേഹം കണ്ടെത്തിയ സ്ഥലം വടകര റൂറൽ സ്പിയുടെ നേതൃത്വത്തിൽ വീണ്ടും പരിശോധിച്ചു. 

രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു യുഡിഎഫ് ആരോപണം. അതേസമയം, പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യാഗസ്ഥൻ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായിൽ കേസ് ഡയറി പുതിയ അന്വേഷണ സംഘത്തിന് നാളെ കൈമാറും. നിലവിൽ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. 
‌‌‌‌‌
കേസിൽ രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിലായി. നാലാം പ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തുമാണ് പൊലീസ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഷിനോദ്, രതീഷ്, സംഗീത്, ശ്രീരാഗ്, സജീവൻ, സുഹൈൽ, അശ്വന്ത്, ശശി, സുമേഷ്, ജാബിർ, നസീർ എന്നീ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസിൽ പ്രതികളായിട്ടുള്ളത്. പ്രതികളെല്ലാം സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ബോംബെറിഞ്ഞതെന്നാണ് എഫ്ഐആറിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com