തൃശൂര്‍ പൂരം കോവിഡ് വ്യാപനം കൂട്ടുമെന്ന് ഡിഎംഒ; ഊതി പെരുപ്പിച്ച കണക്കെന്ന് ദേവസ്വങ്ങള്‍, നടത്തുമെന്ന് മന്ത്രി സുനില്‍കുമാര്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പൂരം കോവിഡ് വ്യാപനം കൂട്ടുമെന്ന ഡിഎംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ ഇടപെടല്‍. ഊതി പെരുപ്പിച്ച കണക്കാണിതെന്ന് ആരോപിച്ച് ഡിഎംഒയുടെ റിപ്പോര്‍ട്ടിനെതിരെ ദേവസ്വങ്ങള്‍ രംഗത്തുവന്നു. അതേസമയം തൃശൂര്‍ പൂരം ഒഴിവാക്കാന്‍ ആലോചനയില്ലെന്നും തിരക്ക് കുറയ്ക്കുന്നത് മാത്രമാണ് പരിഗണനയില്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം നടത്തുന്നത്  സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂര്‍ ഡിഎംഒ പ്രതികരിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. കൂടുതല്‍ പേര്‍ രോഗികളാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഡിഎംഒയുടെ റിപ്പോര്‍ട്ടിനെതിരെ ദേവസ്വങ്ങള്‍ രംഗത്തുവന്നു. ഊതി പെരുപ്പിച്ച കണക്കാണിതെന്ന് ദേവസ്വങ്ങള്‍ ആരോപിച്ചു. 

തൃശൂര്‍ പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ജനപങ്കാളിത്തം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. അതേസമയം തൃശൂര്‍ പൂരം നടത്തുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ചടങ്ങുകള്‍ പതിവ് പോലെ നടത്തും. തിരക്ക് കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സുനില്‍കുമാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com