വൈദ്യ പരിശോധനക്കിടെ പ്രതി മുങ്ങി, വിലങ്ങ് മുറിച്ചു രക്ഷപ്പെട്ടു ; പുഞ്ചപ്പാടത്തു നിന്നും പുലര്‍ച്ചെ അതിസാഹസികമായി പിടികൂടി

പന്നിവേലിച്ചിറ സ്വദേശി ഇരുട്ട് ഉണ്ണി എന്നു വിളിക്കുന്ന പ്രതീഷ് (23) ആണ് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട : വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ച മോഷണക്കേസ് പ്രതി കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. പന്നിവേലിച്ചിറ സ്വദേശി ഇരുട്ട് ഉണ്ണി എന്നു വിളിക്കുന്ന പ്രതീഷ് (23) ആണ് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പ്രതിയെ വീടിന് സമീപത്തെ പുഞ്ചപ്പാടത്തുനിന്ന് പൊലീസ് പുലര്‍ച്ചെ സാഹസികമായി പിടികൂടി.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 11.45നാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രിയില്‍ വൈദ്യപരിശോധനയുടെ ഭാഗമായി ഉയരവും ഭാരവും നോക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതീഷ് കടന്നത്. ഇതിനിടെ കൈയിലെ വിലങ്ങ് ഇയാള്‍ മുറിച്ചുനീക്കിയിരുന്നു. സ്‌റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരാണ് പ്രതിയെ പരിശോധനയ്ക്ക് എത്തിച്ചത്. 

പിടികൂടിയ ഇയാള്‍ക്കെതിരെ മോഷണക്കുറ്റം കൂടാതെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടതിനും വിലങ്ങ് മുറിച്ചതിനും കേസെടുത്തു.  നേരത്തെ പോക്‌സോ കേസിലും ഇയാള്‍ പ്രതിയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍നിന്ന് പ്രതി രക്ഷപ്പെടുന്നത് പത്തനംതിട്ട ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണ്. കുമ്പഴയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ അലക്‌സും പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com