മന്‍സൂര്‍ കൊലപാതകം : സിപിഎം രാഷ്ട്രീയ വിശദീകരണയോഗം ഇന്ന് ; ഒളിവിലുള്ള പ്രതികളെയും തെളിവുകളും തേടി ക്രൈംബ്രാഞ്ച് 

ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് യൂത്ത് ലീഗ് ധര്‍ണ്ണ സംഘടിപ്പിക്കും
കൊല്ലപ്പെട്ട മന്‍സൂര്‍ / ഫയല്‍ ചിത്രം
കൊല്ലപ്പെട്ട മന്‍സൂര്‍ / ഫയല്‍ ചിത്രം

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഎം. കേസില്‍  ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മറ്റി അംഗം, ഡിവൈഎഫ്‌ഐ നേതാവ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് വിശദീകരണ യോഗവുമായി സിപിഎം രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുക ലക്ഷ്യമിട്ടാണ് സിപിഎം നടപടി. 

ഇന്ന് ഉച്ചയ്ക്ക് കടവത്തൂര്‍ മുതല്‍ പെരിങ്ങത്തൂര്‍ വരെ സമാധാന സന്ദേശയാത്ര നടത്തും. മന്ത്രി ഇ പി ജയരാജനും ജില്ലാസെക്രട്ടറി എം വി ജയരാജനും പി ജയരാജനും പങ്കെടുക്കും. യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരോപിക്കുന്ന സിപിഎം 13,14,15 തീയതികളില്‍ ഗൃഹസന്ദര്‍ശനവും നടത്തും. കേസിലെ പ്രതിയായ രതീഷിന്റെ ദുരൂഹമരണവും സിപിഎമ്മിനെതിരെ പ്രതിപക്ഷം ശക്തമായ ആയുധമാക്കുന്നുണ്ട്. 

രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ ആരോപിച്ചിരുന്നു. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി  രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നുമാണ് യുഡിഎഫ് ആരോപണം. ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് യൂത്ത് ലീഗ് ധര്‍ണ്ണ സംഘടിപ്പിക്കും.

അതിനിടെ, അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പര്‍ജന്‍ കുമാറും അന്വേഷണ ഉദ്യോഗസ്ഥന്‍ പി വിക്രമനും ഇന്നലെ പാനൂരിലെത്ത. കൊലപാതകം നടന്ന സ്ഥലവും മന്‍സൂറിന്റെ വീടും സന്ദര്‍ശിച്ചു. ഡിവൈഎസ്പി വിക്രമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കേസിന്റെ രേഖകളും ശേഖരിക്കും.

കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.  നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. വോട്ടെടുപ്പ് ദിവസം രാത്രിയാണ് അക്രമികള്‍ മന്‍സൂറിന്റെ വീട്ടിലെത്തി ബോംബെറിഞ്ഞശേഷം മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരന്‍ മുഹ്‌സിനും പരിക്കേറ്റിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com