രാജ്യസഭാ തെരഞ്ഞെടുപ്പ്  ഏപ്രില്‍ 30ന്

രാജ്യസഭാ തെരഞ്ഞെടുപ്പ്  ഈ മാസം 30ന് നടത്താന്‍ തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ഒഴിവുവന്ന 3 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്  ഈ മാസം 30ന് നടത്താന്‍ തീരുമാനം. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 20 വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ 21 നടക്കും. പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ 23 ആണ്. 

രാവിലെ 9 മുതല്‍ നാലുവരെയായിരിക്കും വോട്ടെടുപ്പ്. കേരളത്തില്‍ നിന്ന് മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അബ്ദുള്‍ വഹാബ്, വയലാര്‍ രവി, കെകെ രാഗേഷ് എന്നിവരുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

രാജ്യസഭാ തെരഞ്ഞെടുപ്പ്, ഈ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാനുള്ള അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി.രാജ്യസഭാ തെരഞ്ഞെടുപ്പു മാറ്റിവച്ച തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിക്കെതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നല്‍കിയ ഹര്‍ജികളിലാണ് നടപടി.

പുതിയ നിയമസഭ രൂപീകരിച്ചശേഷം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ നിലവിലെ നിയമസഭംഗങ്ങള്‍ വോട്ടുചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നാണ് നിയമമന്ത്രാലയം അറിയിച്ചതെന്നും കമ്മിഷന്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളി.

ഈ മാസം 21 ന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന കാര്യം കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നില്ല. കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളാണ് ഈ മാസം 21 ന് വിരമിക്കുന്നത്.

നിലവിലെ നിയമസഭാംഗങ്ങളുമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ രണ്ട് പേരെ വിജയിപ്പിക്കാന്‍ സിപിഎമ്മിന് കഴിയും. നേരത്തെ ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ കാരണം വിശദമാക്കാന്‍ ഹൈക്കോടതി കമ്മിഷനോട് ആവശ്യപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com