ഒരു ധാര്‍മ്മികതയുമില്ല, ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയെന്ന് രമേശ് ചെന്നിത്തല ; സ്വാഗതാര്‍ഹമെന്ന് വിജയരാഘവന്‍

പിടിച്ചു നില്‍ക്കാന്‍ എല്ലാ വഴികളും നോക്കി. എവിടെ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് ബോധ്യമായതോടെയാണ് രാജി വെച്ചത്
എ വിജയരാഘവന്‍, രമേശ് ചെന്നിത്തല / ഫയല്‍
എ വിജയരാഘവന്‍, രമേശ് ചെന്നിത്തല / ഫയല്‍

തിരുവനന്തപുരം : കെ ടി  ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി വന്ന സമയത്ത് രാജിവെച്ചിരുന്നെങ്കില്‍ ധാര്‍മികതയെന്ന് പറയാമായിരുന്നു. ഇപ്പോള്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നത് കളവാണ്. എന്ത് ധാര്‍മ്മികതയാണ് എന്ന് ചെന്നിത്തല ചോദിച്ചു. 

പിടിച്ചു നില്‍ക്കാന്‍ എല്ലാ വഴികളും നോക്കി. എവിടെ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് ബോധ്യമായതോടെയാണ് രാജി വെച്ചത്. പൊതുസമൂഹത്തിന്റെ പിന്തുണയില്ലെന്ന് ബോധ്യമായതോടെ, സിപിഎമ്മിനും രാജി ആവശ്യപ്പെടേണ്ട സ്ഥിതിയായി എന്നും ചെന്നിത്തല പറഞ്ഞു.

ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിസ്ഥാനം രാജിവെച്ചു. കോടതിയുടെ വിധി വന്നപ്പോള്‍ തന്നെയാണ് കെ കരുണാകരന്‍, കെപി വിശ്വനാഥന്‍, കെ കെ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ രാജിവെച്ചത്. കെ എം മാണിയും ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചിരുന്നു. 

ജലീലിനെ സംരക്ഷിക്കാനാണ് സിപിഎമ്മും ശ്രമിച്ചത്. ഒരു ധാര്‍മ്മികതയുമില്ലാതെ അള്ളിപ്പിടിച്ചിരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. ഇതുകൊണ്ടൊന്നും തീരില്ല, ജലീല്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കെ ടി ജലീലിന്റെ രാജി സ്വാഗതാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. രാജിവെച്ചതുകൊണ്ട് തെറ്റുചെയ്തു എന്ന് പറയാനാകില്ല. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള രാജിയാണത്. രാജിവെക്കാനുള്ള മുഹൂര്‍ത്തം മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിക്കേണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് സിപിഎം വ്യക്തമാക്കിയത്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണോ രാജിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിജയരാഘവന്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. പാര്‍ട്ടി ആവശ്യപ്പെട്ടോ ഇല്ലയോ എന്നത് പ്രസക്തമായ കാര്യമല്ല, ജലീല്‍ രാജിവെച്ചു എന്നതാണ് ഇപ്പോള്‍ പ്രസക്തമെന്നും വിജയരാഘവന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com