ഒരു 'മഹാന്‍' കാറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ  പോയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്, നേരിട്ടെത്തി കുറ്റസമ്മതം നടത്തി യുവാവ്; അഭിനന്ദിച്ച് ജൂഡ് ആന്റണിയുടെ വീഡിയോ 

തന്റെ വാഹനത്തില്‍ ഇടിപ്പിച്ച ആളെ അന്വേഷിച്ചാണ് ഫെയ്സ്ബുക്കില്‍ അദ്ദേഹം ആദ്യം കുറിപ്പിട്ടത്
ജൂഡ് ആന്റണി ജോസഫ്
ജൂഡ് ആന്റണി ജോസഫ്

വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോകുന്ന നിരവധി സംഭവങ്ങള്‍ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിഷമം ഉണ്ടാക്കുക, ഇടിച്ച വാഹനം നിര്‍ത്താതെ പോകുമ്പോഴാണ്. അത്തരത്തില്‍ ഒരു സംഭവം ഉണ്ടായപ്പോള്‍ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇട്ട സിനിമ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് തനിക്ക് ഉണ്ടായ അനുഭവം ലൈവ് വീഡിയോയിലൂടെ വെളിപ്പെടുത്തി.

തന്റെ വാഹനത്തില്‍ ഇടിപ്പിച്ച ആളെ അന്വേഷിച്ചാണ് ഫെയ്സ്ബുക്കില്‍ അദ്ദേഹം ആദ്യം കുറിപ്പിട്ടത്. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കുടമാളൂരിനടുത്തുള്ള അമ്പാടിയില്‍ ഭാര്യ വീടിന് സമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത തന്റെ വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചു എന്നതാണ് കുറിപ്പിലെ ഉള്ളടക്കം. അപകടത്തിന് ശേഷം ഈ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകടം നടന്നത് അറിഞ്ഞതിന് പിന്നാലെ അദ്ദേഹം അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വ്യക്തിയെ അന്വേഷിച്ച് പോസ്റ്റ് ഇടുകയായിരുന്നു. ഒടുവില്‍ കുറ്റസമ്മതം നടത്തി രോഹിത് എന്ന യുവാവ് തന്നെ സമീപിച്ച കാര്യം പറയാനാണ് ജൂഡ് ലൈവ് വീഡിയോയില്‍ വന്നത്.

താന്‍ വാഹനവുമായി വരുമ്പോള്‍ റോഡിന് കുറുകെ ഒരു പൂച്ച ചാടുകയും, ഇത് കണ്ട് വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് ജൂഡിന്റെ വാഹനത്തില്‍ ഇടിക്കുകയുമായിരുന്നുമെന്നാണ് രോഹിത് അദ്ദേഹത്തിനോട് പറഞ്ഞത്. രാത്രി ആയതിനാലും പെട്ടന്നുണ്ടായ പേടിയേയും തുടര്‍ന്നാണ് വാഹനം നിര്‍ത്താതെ പോയതെന്നും രോഹിത് പറഞ്ഞു. കുറ്റസമ്മതം നടത്തിയ രോഹിതിനെ ജൂഡ് അഭിനന്ദിക്കുകയും അദ്ദേഹത്തിനൊപ്പം ഫെയ്സ്ബുക്ക് ലൈവില്‍ വരികയും ചെയ്തിരുന്നു. 

'എന്റെ പാവം കാറിനെ ഇടിച്ച് ഈ കോലത്തിലാക്കിയ മഹാന്‍ നിങ്ങള്‍ ആരെങ്കിലും ആണെങ്കില്‍ ഒരു അഭ്യര്‍ഥന, നിങ്ങളുടെ കാറിനും സാരമായി പരിക്കുപറ്റി കാണുമല്ലോ, ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ജി ടി എന്‍ട്രി വേണം. സഹകരിക്കണം, മാന്യത അതാണ്. ഇല്ലെങ്കിലും കുഴപ്പമില്ല. നമ്മളൊക്കെ മനുഷ്യരല്ലേ. എന്റെ നിഗമനത്തില്‍ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത എന്നായിരുന്നു'- ജൂഡ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. 

എന്നാല്‍, ജൂഡിന്റെ പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ കമന്റ് ബോക്സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജൂഡ് വാഹനം പാര്‍ക്ക് ചെയ്തതിന്റെ കുഴപ്പാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് വിമര്‍ശകരുടെ കമന്റ്. എന്നാല്‍, താന്‍ വെള്ള വരയ്ക്കും അപ്പുറമാണ് വാഹനം പാര്‍ക്ക് ചെയ്തതെന്നും ആ വരയ്ക്ക് അപ്പുറത്ത് ഒരാള്‍ നടന്ന് പോയാല്‍ അയാളെ ഇടിച്ചിടാമോയെന്നും ജൂഡ് വീഡിയോയില്‍ ചോദിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com