കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍; വിശദീകരണവുമായി കലക്ടര്‍

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണാണെന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കലക്ടറുടെ വിശദീകരണം.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ജില്ല കലക്ടര്‍ പറഞ്ഞു. 

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച ജില്ലയില്‍ ലോക്ക്ഡൗണ്‍ തുടരുമെന്നായിരുന്നു വ്യാപകമായി പ്രചരിച്ചത്. അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമെ തുറക്കാന്‍ പാടുള്ളു. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമെ യാത്ര ചെയ്യാവൂ, അന്തര്‍ജില്ലാ യാത്രികര്‍ ആര്‍ആര്‍ടിയെ അറിയിക്കണം, മരണാനന്തരചടങ്ങില്‍ 20 പേര്‍ക്കും വിവാഹത്തില്‍ 50 പേര്‍ക്കും മാത്രമെ പ്രവേശനമുള്ളൂ എന്ന തരത്തിലായിരുന്നു വ്യാജപ്രചാരണം. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് കോഴിക്കോട് ജില്ലയിലാണ്. 1,560 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1523 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7801 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 464 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

21.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,038 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 7,831 പേരാണ്. മറ്റു ജില്ലകളില്‍ 48 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്. 1,29,307 പേരാണ് ഇതുവരെ രോഗമുക്തരായത്. 542 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്.ഇതുവരെ 15,76,217 ആളുകള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമായി. 1,39,941 പേര്‍ക്ക് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

പുതുതായി വന്ന 2298 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26954 പേര്‍ നിരീക്ഷണത്തിലുണ്ട്. 3,65,699 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 127 പേര്‍ ഉള്‍പ്പെടെ 808 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ആകെ 11,943 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 1,41,503 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com