നമ്പി നാരായണനെ കണ്ടത് രണ്ടു മിനിറ്റ്, കസ്റ്റഡിയില്‍ മൂന്നു ദിവസം മാത്രം; ഇതിലൊക്കെ എന്തു ഗൂഢാലോചന?-സിബി മാത്യൂസ്

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി  ഗൂഢാലോചനയുടെ കഥ കേള്‍ക്കുന്നെന്നും സിബി മാത്യൂസ്
സിബി മാത്യൂസ് /ഫയല്‍
സിബി മാത്യൂസ് /ഫയല്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനൊപ്പം ജീവിതത്തില്‍ ചെലവഴിച്ചത് രണ്ടു മിനിറ്റില്‍ താഴെ സമയം മാത്രമെന്നും അങ്ങനെയൊരാള്‍ക്കെതിരെ താന്‍ എന്തു ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നതെന്നും ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന മുന്‍ ഡിജിപി സിബി മാത്യൂസ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി  ഗൂഢാലോചനയുടെ കഥ കേള്‍ക്കുന്നെന്നും സിബി മാത്യൂസ് പറഞ്ഞു.

മൂന്നു ദിവസം മാത്രമാണ് നമ്പി നാരായണന്‍ കേരള പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. ചാരക്കേസ് വലിയ വാര്‍ത്തയാവുന്നതിനിടെ 1994 നവംബര്‍ 30ന് രാത്രിയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്യുന്നത്. പൂജപ്പുരയിലെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഗസ്റ്റ് ഹൗസിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. പിറ്റേന്നു തന്നെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു- സിബി മാത്യൂസ് പറഞ്ഞു.

വലിയ വ്യാപ്തിയുള്ള കേസാണിത് എന്നു തോന്നിയതിനാല്‍ സിബിഐയ്ക്കു വിടണമെന്ന നിര്‍ദേശം അന്നത്തെ ഡിജിപി ടിവി മധുസൂദനനു മുന്നില്‍ വച്ചത് താനാണെന്ന് സിബി മാത്യൂസ് പറഞ്ഞു. ഈ നിര്‍ദേശം പിറ്റേന്നു തന്നെ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനിടയിലാണ് ഗസ്റ്റ് ഹൗസില്‍ വച്ച് നമ്പി നാരായണനെ കണ്ടത്. രണ്ടു മിനിറ്റു സമയം മാത്രമാണ് ആ കൂടിക്കാഴ്ച നീണ്ടതെന്ന് സിബി മാത്യൂസ് പറഞ്ഞു.

ചാരക്കേസ് സിബിഐയ്ക്കു കൈമാറി ഡിസംബര്‍ രണ്ടിന് വിജ്ഞാപനം ഇറങ്ങി. മൂന്നിന് സിബിഐ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തി. നാലിന് അവര്‍ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ഇതില്‍ എന്തു ഗൂഢാലോചന ഉണ്ടെന്നാണ് പറയുന്നത്? ഗൂഢാലോചന ഉണ്ടെങ്കില്‍ പൊലീസ് കേസ് സിബിഐയ്ക്കു കൈമാറുമോ? - സിബി മാത്യൂസ് ചോദിച്ചു. 

ഗസ്റ്റ് ഹൗസില്‍ വച്ചുള്ള കൂടിക്കാഴ്ചയ്ക്കിടെ താന്‍ പരിഹസിച്ചു ചിരിച്ചെന്നും അതു മാനസിക പ്രയാസം കൂട്ടിയെന്നും നമ്പി നാരായണന്‍ മനുഷ്യാവകാശ കമ്മിഷനു മൊഴി നല്‍കിയതായി പിന്നീട് അറിഞ്ഞു. അന്നു ഗസ്റ്റ് ഹൗസില്‍ വച്ചല്ലാതെ അതിനു മുമ്പോ ശേഷമോ നമ്പി നരായണനെ കണ്ടിട്ടില്ലെന്ന് സിബി മാത്യൂസ് പറഞ്ഞു. 

സുപ്രീം കോടതി നിയോഗിച്ച ഡികെ ജയിന്‍ സമിതി തന്റെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സിബി മാത്യൂസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com