കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ; ഇക്കുറി കൂടുതല്‍ മഴ

രാജ്യത്ത് ഈ വര്‍ഷം കാലവര്‍ഷ സമയത്ത് സാധാരണ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം കാലവര്‍ഷ സമയത്ത് സാധാരണ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം കേരളത്തില്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്. ജൂണ്‍ ഒന്നിന് തന്നെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തും. സെപ്്റ്റംബറില്‍ പിന്മാറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ശരാശരി മഴ ദീര്‍ഘകാല ശരാശരിയുടെ 98 % ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട പ്രവചനം സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ദീര്‍ഘകാല ശരാശരി മണ്‍സൂണ്‍ മഴ 88 സെ.മീ ആണ്. ഇത്തവണ കാലവര്‍ഷം സാധാരണ നിലയിലാകാന്‍ 40% സാധ്യതയാണുള്ളത്. സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത 16  ശതമാനമാണ്. സാധാരണയില്‍ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്നും പ്രവചനത്തില്‍ സൂചിപ്പിക്കുന്നു.

കോവിഡ് വ്യാപനത്തിനിടയിലും കാര്‍ഷിക മേഖലയ്ക്ക് കരുത്തുപകരുന്ന നിലയില്‍ മെച്ചപ്പെട്ട മണ്‍സൂണ്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ കര്‍ഷകര്‍. കൃഷിക്കാവശ്യമായ വെള്ളത്തിന്റെ 70ശതമാനവും മണ്‍സൂണ്‍ സമയത്താണ് ലഭിക്കുന്നത്. മണ്‍സൂണ്‍ കാലത്ത് ലാനിന പ്രതിഭാസം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത തലത്തിലേക്ക് മാറാന്‍ സാധ്യതയുണ്ട്. എല്‍നിനോയ്ക്ക് നേരിയ സാധ്യത മാത്രമാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com