തൃശൂർ പൂരം കൊടിയേറ്റം ഇന്ന് ; പ്രവേശനം സർട്ടിഫിക്കറ്റ് ഉള്ളവർക്ക്

പൂരത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് പാസ് ഉപയോഗിച്ചുള്ള പ്രവേശനം ഇന്ന് തുടങ്ങും
തൃശൂര്‍ പൂരം/ഫയല്‍ ചിത്രം
തൃശൂര്‍ പൂരം/ഫയല്‍ ചിത്രം

തൃശൂർ : തൃശൂർ പൂരത്തിന്റെ കൊടിയേറ്റം ഇന്ന് നടക്കും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവിൽ  12.05നുമാണ് കൊടിയേറ്റം. കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ കൊടിയേറ്റ ചടങ്ങ്‌ നടക്കുക. പൂരത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് പാസ് ഉപയോഗിച്ചുള്ള പ്രവേശനം ഇന്ന് തുടങ്ങും

തിരുവമ്പാടിയിൽ പകൽ മൂന്നോടെ പുറത്തേക്ക് എഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും.  മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും  പൂരക്കൊടി ഉയർത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. പടിഞ്ഞാറെ ചിറയിലാണ് ആറാട്ട്.
പാറമേക്കാവ് ക്ഷേത്ര സമുച്ചയത്തിലെ   പാലമരത്തിലും മണികണ്‌ഠനാലിലും കൊടി ഉയർത്തും. പാറമേക്കാവിൽ കൊടിയേറ്റശേഷം  എഴുന്നള്ളിപ്പ് തുടങ്ങും. ഗജവീരൻ പത്മനാഭൻ  കോലമേന്തും. വടക്കുന്നാഥനിലെ കൊക്കർണിയിലാണ് ആറാട്ട്. 

തൃശൂർ പൂരത്തിന്റെ ഘടക പൂര ദേശക്കാരായ  കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കുംപിള്ളി ശ്രീധർമശാസ്ത്രാ ക്ഷേത്രം,  ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക്  ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ദുർഗാ ക്ഷേത്രം, അയ്യന്തോൾ കാർത്യായനീ ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ്  ക്ഷേത്രങ്ങളിലും ഇന്ന് വിവിധ സമയങ്ങളിൽ കൊടിയേറ്റം നടത്തും. 

ഏപ്രിൽ 23നാണ് തൃശൂർ പൂരം.  വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി. സാംപിള്‍ വെടിക്കെട്ട് പതിവു ദിവസം എല്ലാ മുന്‍കരുതലോടെയും നടത്തും. പൂരത്തില്‍ എത്തുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശം ഉണ്ടായിരിക്കണം.

ഈ സാഹചര്യത്തില്‍ കുറഞ്ഞനിരക്കില്‍ കോവിഡ് പരിശോധന നടത്താന്‍ പാറമേക്കാവ് ദേവസ്വം അവസരം ഒരുക്കിയിട്ടുണ്ട്. 700 രൂപ നിരക്കിലാകും പരിശോധന നടത്തുക. 21 നാണ് പരിശോധന. പൂരനഗരിയെ ആറു മേഖലകളാക്കി തിരിച്ച് മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com