'ആറു ദിവസം മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി'; സനു മോഹന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്, കര്‍ണാടകയില്‍ വ്യാപക തെരച്ചില്‍

മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഹോട്ടല്‍ സിസി ടിവി ദൃശ്യം
ഹോട്ടല്‍ സിസി ടിവി ദൃശ്യം

കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍നിന്നുള്ളതും ലോഡ്ജിന്റെ പരിസരപ്രദേശത്ത് കൂടി നടന്നുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. പൊലീസ് സംഘം കര്‍ണാടകയില്‍ വ്യാപക പരിശോധന തുടരുകയാണ്. 

കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍ മുറിയെടുത്ത സനുമോഹന്‍ ലോഡ്ജിലെ ലോബിയില്‍ ഇരിക്കുന്നതിന്റെയും ലോഡ്ജ് കെട്ടിടത്തിന് സമീപത്തുകൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ ലോഡ്ജില്‍നിന്ന് മുങ്ങിയ ഇയാള്‍ക്കായി മംഗളൂരു, കൊല്ലൂര്‍ മൂകാംബിക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘത്തിനൊപ്പം കര്‍ണാടക പൊലീസും സഹായത്തിനുണ്ട്. 

കര്‍ണാടകയിലെ വിമാനത്താവളങ്ങളിലും പൊലീസ് പ്രത്യേകനിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം വിമാനത്താവളത്തിലേക്ക് പോകാന്‍ സനുമോഹന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയത്. 

ഏപ്രില്‍ 10 മുതല്‍ 16ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാകക്കി. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു. 

ഏപ്രില്‍ 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ടാക്‌സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെവന്നില്ല. ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല. 

സനു ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് പൊലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com