വൈറസിന് ജനിതകമാറ്റം; സംസ്ഥാനത്ത് രോഗികള്‍ ഒന്നരലക്ഷം വരെയാകാം

സംസ്ഥാനത്ത് ഒരേ സമയം കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  സംസ്ഥാനത്ത് ഒരേ സമയം കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. രോഗതീവ്രതയ്ക്ക് കാരണം വൈറസിന്റെ ജനിതക വ്യതിയാനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ഐസിയു - വെന്റിലേററര്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലകള്‍ക്കു നിര്‍ദേശം നല്കി. 

രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ടിടത്ത് 3,00,971 പേരുടെ സാംപിളുകള്‍ ശേഖരിച്ചു. ഇതിലെ ഭാഗിക കണക്കുകള്‍ കൂടി ചേര്‍ന്നാണ് ശനിയാഴ്ച സംസ്ഥാനത്തെ റെക്കോര്‍ഡ് പ്രതിദിന വര്‍ധന രേഖപ്പെടുത്തിയത്. ഒരു ലക്ഷത്തോളം പരിശോധനാ ഫലം കൂടി ഞായറാഴ്ച ലഭിക്കും. പ്രതിദിന വര്‍ധന 20,000 വരെയാകാമെന്നാണ് നിഗമനം.

കേരളത്തിലെ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാഹചര്യമാണുള്ളതെന്ന് കോവിഡ് വിദഗ്ധ സമിതിയംഗം ഡോ.ടി എസ് അനീഷ് അഭിപ്രായപ്പെട്ടു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി ഗുരുതരാവസ്ഥയിലുളളവരുടേയും എണ്ണം വര്‍ധിച്ചേക്കാം. ഇതു മുന്നില്‍ക്കണ്ട് സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ആവശ്യമുളളയിടങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ തയാറാക്കാനും ജില്ലകള്‍ക്ക് നിര്‍ദേശം നല്കും. രാജ്യത്ത് ജനിതകവ്യതിയാനം സ്ഥിരീകരിച്ചതോടെ കേരളത്തിലും അത് സംശയിക്കുന്നുണ്ട്.

ആവശ്യത്തിന് വാക്‌സീന്‍ ലഭിക്കുന്നില്ല എന്നതാണ് ഈ ഘട്ടത്തില്‍ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ടാമത്തെ ഡോസ് കൊടുക്കാന്‍ പോലും പലയിടത്തും മരുന്നു ലഭ്യമല്ല. 50 ലക്ഷം ഡോസ് വാക്‌സീനോടൊപ്പം ഭാവിയില്‍ അവശ്യമരുന്നുകളും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com