എറണാകുളത്ത് കനത്ത ജാഗ്രത; കോവിഡ് ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്ത് കനത്ത ജാഗ്രത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.

ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് 100 ഐ.സി.യു. കിടക്കകള്‍ അടുത്തയാഴ്ച പൂര്‍ണസജ്ജമാക്കും. ഫോര്‍ട്ട് കൊച്ചി താലൂക്കാശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റും. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിനെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റും. ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരാഴ്ച കൊണ്ട് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കും. സര്‍ക്കാര്‍ മേഖലയില്‍ 1000 ഓക്സിജന്‍ കിടക്കകള്‍ തയ്യാറാക്കും. ഇതോടൊപ്പം ഓക്സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തും. ആശുപത്രികളില്‍ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കാന്‍ കളക്ടര്‍ വഴി നിര്‍ദേശം നല്‍കും. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 5 ദിവസം കൊണ്ട് ഡൊമിസെയില്‍ കെയര്‍ സെന്ററുകളും (ഡിസിസി) സിഎഫ്എല്‍ടിസികളും സജ്ജമാക്കും. ഇതിനായി ആരോഗ്യ വകുപ്പ് മന്ത്രിയുടേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ തിങ്കളാഴ്ച ജില്ലാതല യോഗം ചേരും

എറണാകുളം ജില്ലയില്‍  ഇന്ന്  2835 പേര്‍ക്ക്  രോഗം  സ്ഥിരീകരിച്ചു. വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും എത്തിയ 10 പേര്‍, സമ്പര്‍ക്കം വഴി 2741 പേര്‍, ഉറവിടമറിയാത്തവര്‍ 81, മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാമത് കോഴിക്കോടും രണ്ടാമത് എറണാകുളവുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com