പെയിന്റടിക്കാനെത്തിയ വീടിന്റെ താക്കോൽ കൈക്കലാക്കി, അഞ്ച് ലക്ഷവും സ്വർണവും കവർന്നു, യുവദമ്പതികൾ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 19th April 2021 08:07 AM |
Last Updated: 19th April 2021 08:07 AM | A+A A- |

അറസ്റ്റിലായ റിയാസും ആൻസിയും/ ടെലിവിഷൻ ദൃശ്യം
തിരുവനന്തപുരം; പെയിന്റടിക്കാനെത്തിയ വീടിന്റെ താക്കോൽ കൈക്കലാക്കി പണവും സ്വർണ്ണവും കവർന്ന കേസിൽ യുവദമ്പതികൾ അറസ്റ്റിൽ. വര്‍ക്കല സ്വദേശി റിയാസും (29) ഭാര്യ ആൻസിയുമാണ് പിടിയിലായത്. നിര്‍മാണത്തിലിരുന്ന വീടിന്‍റെ താക്കോല്‍കൂട്ടം കൈക്കലാക്കി ഇവർ അഞ്ച് ലക്ഷവും സ്വർണവും കവരുകയായിരുന്നു.
ഇലകമണ്ണില്‍ സുധീര്‍ഖാന്‍റെ വീടിന് പെയിന്റടിക്കാൻ റിയാസ് എത്തിയിരുന്നു. തുടർന്നാണ് ഇയാൾ താക്കോൽ കൈക്കലാക്കുന്നത്. ഭാര്യ ആന്‍സിക്കൊപ്പം ഇരുചക്രവാഹനത്തിലെത്തി വീട്ടിൽ നിന്ന് അഞ്ചുലക്ഷം രൂപയും മൂന്ന് പവന്‍ ആഭരണങ്ങളും കവരുകയായിരുന്നു.
വീട്ടുടമസ്ഥന്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ ഒരു മുറിയിലായിരുന്നു പണവും മറ്റു വീട്ടുസാധനങ്ങളും സൂക്ഷിച്ചിരുന്നത്. പൂട്ടിയതിന് ശേഷം മാറ്റിവെച്ചിരുന്ന താക്കോല്‍ കൂട്ടം സ്വന്തമാക്കിയായിരുന്നു മോഷണം.
വീടുമായി പരിചയമുള്ളവരെയും അടുത്തിടെ വന്നു പോയവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതികളെ കുടുക്കിയത്. മോഷണ ദിവസം രാത്രി റിയാസും ആന്‍സിയും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് പ്രതികളെ കണ്ടെത്താന്‍ സഹായമായി. ആഡംബര ജീവിതമാണ് ഇരുവരും നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.