ഒരേസമയം പത്തുപേര്‍ക്ക് മാത്രം പ്രവേശനം; അന്നദാനമില്ല, ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണം

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 60 വയസിനു മുകളിലുള്ളവര്‍ക്കും 10 വയസിനു താഴെയുള്ളവര്‍ക്കും ക്ഷേത്രദര്‍ശനത്തിനു തത്ക്കാലം അനുമതിയുണ്ടാകില്ല. ഒരു സമയം പത്തില്‍ കൂടുതല്‍ ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. രാവിലെ ആറിനു മാത്രമേ നട തുറക്കൂ. രാത്രി ഏഴിനു നട അടയ്ക്കും.

വഴിപാടുകളുടെ ഭാഗമായുള്ളതല്ലാതെ അന്നദാനം അനുവദിക്കില്ല. അനകളെ എഴുന്നെള്ളിക്കില്ല. ഇതിനോടകം തീരുമാനിച്ചിട്ടുള്ള ചടങ്ങുകള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. ആചാരപരമായി ആനകളെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ചടങ്ങാണെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. ഉത്സവത്തിനു പരമാവധി 75 പേരെ മാത്രമേ അനുവദിക്കൂ.

ജീവനക്കാര്‍ക്കു സമയബന്ധിതമായി കോവിഡ് വാക്‌സിന്‍ നല്‍കും. ക്ഷേത്രജീവനക്കാരും ഭക്തരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. തെര്‍മല്‍ സ്‌കാനര്‍ വഴി പരിശോധന നടത്തിയശേഷമേ ക്ഷേത്രത്തിലേക്ക് ആളെ പ്രവേശിപ്പിക്കൂ. എല്ലാ ക്ഷേത്രങ്ങളിലും സാനിറ്റൈസര്‍ സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com