കേന്ദ്രം കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം; വിതരണനയത്തില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി

വാക്‌സിന്റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കാവശ്യമായ കൊവിഡ് 19 വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണനയത്തില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെ  പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അമ്പത് ശതമാനം  കേന്ദ്രസര്‍ക്കാരിനുള്ളതാണ്. ബാക്കി അമ്പത്  ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലേക്കുമായി മാറ്റി വെക്കുന്നത്.  ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തില്‍ അത് സൗജന്യമായി നല്‍കുകയും വേണം.  സംസ്ഥാനങ്ങള്‍ക്ക് മതിയായ വാക്‌സിന്‍ ഉറപ്പാക്കേണ്ടത് പൊതു താല്പര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏപ്രില്‍ 19ന് പ്രഖ്യാപിച്ച നയമനുസരിച്ച് വാക്‌സിന്‍ നിര്‍മാതാക്കള്‍ അമ്പത് ശതമാനം  കേന്ദ്രസര്‍ക്കാരിന് നല്‍കണം. 
ബാക്കി 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലുമായി  വിതരണം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്.  നിര്‍മാതാക്കളില്‍ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുകയും വേണം. സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും. 

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്.  18 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്.  പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സമൂഹ പ്രതിരോധം സൃഷ്ടിക്കുകയാണ് മഹാമാരിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴി. 

ആവശ്യമായ വാക്‌സിന്‍ കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസം മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.  50 ലക്ഷം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ 5.5 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചത്.  ഇതുകാരണം വാക്‌സിനേഷനുള്ള സ്‌പോട്ട് റജിസ്‌ട്രേഷന്‍ മുടങ്ങിയിരിക്കുകയാണ്.  കേരളം ആവശ്യപ്പെട്ടതില്‍  ബാക്കിയുള്ള വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണം. 

വാക്‌സിന്റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ ചാനല്‍ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും അടങ്ങുന്ന ഗവണ്‍മെന്റ് ചാനലാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com