കെടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവിന് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2021 02:03 PM  |  

Last Updated: 20th April 2021 02:03 PM  |   A+A-   |  

setback for Kt Jaleel

കെടി ജലീല്‍/ ഫയല്‍ചിത്രം

 

കൊച്ചി: ബന്ധു നിയമന കേസിലെ ലോകായുക്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്ഥാനമൊഴിഞ്ഞ മന്ത്രി കെടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതു സ്വജനപക്ഷപാതമാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ടാണ് ജലീല്‍ ഹര്‍ജി നല്‍കിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക അന്വേഷണം നടത്താതെയുമാണ് ലോകായുക്ത ഉത്തരവിട്ടതെന്നാണ് ജലീല്‍ വാദിച്ചത്. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുള്ളതാണ് ലോകായുക്ത ഉത്തരവെന്നും ഇതില്‍ വീഴ്ചയൊന്നും വന്നിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്ന മന്ത്രിയുടെ വാദവും കോടതി അംഗീകരിച്ചില്ല. ലോകായുക്ത നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ജലീല്‍ രാജി പ്രഖ്യാപിച്ചത്. 

കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തല്‍. ജലിന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ്ഷാഫിയാണ് ബന്ധുനിയമനത്തിനെതിരെ ലോകായുക്തയെ സമീപിച്ചത്.