സുഹൃത്തിനുവേണ്ടി പ്ലസ് ടു പരീക്ഷയെഴുതാൻ എത്തി, ബന്ധുവായ ഇൻവിജിലേറ്റർ കയ്യോടെ പിടിച്ചു

പ്ലസ് വൺ പരീക്ഷയ്ക്ക് ഇക്കണോമിക്സിൽ മാർക്ക് കുറഞ്ഞതിനാലാണ് കഴിഞ്ഞ വർഷം പ്ലസ് ടു ജയിച്ച സുഹൃത്തിനെ കണ്ടെത്തി പരീക്ഷ എഴുതാൻ ചട്ടം കെട്ടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം; സുഹൃത്തിനുവേണ്ടി പ്ലസ് ടു പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥിയെ കയ്യോടെ പിടിച്ച് ബന്ധുവായ ഇൻവിജിലേറ്റർ. മഞ്ചേരി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷയ്ക്കിടെയാണ് ആൾമാറാട്ടത്തിന് ശ്രമം നടന്നത്. കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ പത്തൊൻപതുകാരനു വേണ്ടി ഇക്കണോമിക്സ് പരീക്ഷ എഴുതാനാണ് അരീക്കോട് സ്വദേശിയായ പതിനെട്ടുകാരൻ എത്തിയത്. ഇരുവരേയും പൊലീസ് പിടികൂടി. 

ഓപ്പൺ സ്കൂൾ കംപാർട്മെന്റ് സ്കീമിൽ പരീക്ഷ എഴുതേണ്ട പത്തൊൻപതുകാരനു പകരമായിട്ടാണ് സുഹൃത്ത് പരീക്ഷയ്ക്ക് എത്തിയത്. പ്ലസ് വൺ പരീക്ഷയ്ക്ക് ഇക്കണോമിക്സിൽ മാർക്ക് കുറഞ്ഞതിനാലാണ് കഴിഞ്ഞ വർഷം പ്ലസ് ടു ജയിച്ച സുഹൃത്തിനെ കണ്ടെത്തി പരീക്ഷ എഴുതാൻ ചട്ടം കെട്ടിയത്. പരീക്ഷ തുടങ്ങുന്ന സമയത്തിനു തൊട്ടുമുൻപ് ധൃതി പിടിച്ചാണ് പകരക്കാരൻ ഹാളിൽ എത്തിയത്. ‍ ഇൻവിജിലേറ്റർ തിരിച്ചറിയൽ കാർഡ് തിരക്കിയെങ്കിലും ഉണ്ടായിരുന്നില്ല.

മാസ്ക് ധരിച്ചതുകൊണ്ട് പെട്ടെന്ന് ആളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. പിന്നീടാണ് ബന്ധത്തിലുള്ള കുട്ടി ആണെന്നു സംശയം തോന്നി ഇൻവിജിലേറ്റർ പ്രിൻസിപ്പലിനെ വിവരം അറിയിച്ചത്. പരിശോധനയിൽ ആൾമാറാട്ടം പൊളിഞ്ഞു. ഈ സമയം പരീക്ഷ എഴുതേണ്ടയാൾ പുറത്തുകാത്തുനിൽക്കുകയായിരുന്നു. പ്രിൻസിപ്പൽ രജനി മാത്യു പരീക്ഷാ നടത്തിപ്പിന്റെ ജില്ലാ കോ ഓർഡിനേറ്റർ, പൊലീസ് എന്നിവർക്കു വിവരം നൽകി. തുടർന്ന് പൊലീസ് എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com