'അച്ഛന്റെ രോ​ഗം ​ഗുരുതരം', അടുത്തുവേണമെന്ന് ബിനീഷ് കോടിയേരി; ജാമ്യഹർജി ഇന്ന് പരി​ഗണിക്കും

കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഡ്വ.കൃഷ്ണന്‍ വേണുഗോപാല്‍ മുഖേന ഹാജരാക്കി
കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി/ ഫയൽചിത്രം
കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി/ ഫയൽചിത്രം

ബാം​ഗളൂർ; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബാം​ഗളൂരുവിൽ  അറസ്റ്റിലായ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അച്ഛൻ കോടിയേരി ബാലകൃഷ്ണൻ ക്യാൻസർ ബാധിതനാണെന്നും ഡോക്ടർമാരുടെ നി‍ർദേശ പ്രകാരം അച്ഛനോടൊപ്പം നില്‍ക്കാന്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ബിനീഷ് കോടതിയിൽ അഭ്യർത്ഥിച്ചത്. 

കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഡ്വ.കൃഷ്ണന്‍ വേണുഗോപാല്‍ മുഖേന ഹാജരാക്കി. ബിനീഷിന്‍റെ വാദങ്ങളെ എതിർത്ത് ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തടസവാദം സമർപ്പിക്കും. ഉച്ചയോടെ ജസ്റ്റിസ് നടരാജ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. 

രണ്ടുതവണ സെഷന്‍സ് കോടതി തള്ളിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് കർണാടക ഹൈകോടതിയിലെത്തിയത്. മധ്യവേനലവധിക്ക് കർണാടക ഹൈക്കോടതി ഏപ്രില്‍ 26ന് അടയ്ക്കാനിരിക്കെയാണ് ബിനീഷ് ജാമ്യാപേക്ഷയില്‍ നടപടികൾ വേഗത്തിലാക്കാന്‍ അഭ്യർത്ഥിച്ചത്. അവധിക്ക് മുന്‍പ് ജാമ്യം ലഭിച്ചില്ലെങ്കില്‍ പിന്നീട് കോടതി മെയ് 22 നേ പ്രവർത്തിക്കുകയുള്ളൂ.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബാംഗളൂരു ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് 175 ദിവസം പിന്നിട്ടു. പരപ്പന അഗ്രഹാര ജെയിലിലാണ് ബിനീഷ് നിലവില്‍ റിമാന്‍ഡിലുള്ളത്. മയക്കുമരുന്നുമായി പിടിയിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നാണ് ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബെംഗളൂരു എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com