തിരക്ക് കൂട്ടേണ്ട; രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ പ്രശ്‌നമില്ല; അതാണ് ഗുണപ്രദം

രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ആദ്യത്തെ ഡോസ് വാക്‌സിനെടുത്തവര്‍ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ,  അല്ലെങ്കില്‍ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്കിന് അത് കാരണമാകുന്നു. അത്തരത്തിലുള്ള ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും നല്‍കിയിട്ടുള്ളത് കോവിഷീല്‍ഡ് വാക്‌സിനാണ്. ആ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക്കൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. 

'കോവിഡ് വാക്‌സിന്‍ എടുത്തയാളുകള്‍ക്കും രോഗബാധ ഉണ്ടാകുന്നണ്ടല്ലോ, അതുകൊണ്ട് വാക്‌സിനേഷന്‍ എടുക്കേണ്ടതുണ്ടോ' എന്ന ഒരു സംശയം ചിലരില്‍ ഉണ്ടാകുന്നുണ്ട്. 'ബ്രെയ്ക് ത്രൂ ഇന്‍ഫെക്ഷന്‍' എന്ന ഈ പ്രതിഭാസം കോവിഡ് വാക്‌സിനുകളുടെ കാര്യത്തില്‍ മാത്രമുള്ളതല്ല. വാക്‌സിനെടുത്താലും അപൂര്‍വം ചിലര്‍ക്ക് രോഗം വരാം.

വാക്‌സിനുകള്‍ രോഗം വരാനുള്ള സാധ്യത 70 മുതല്‍ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാന്‍ ഉള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വാക്‌സിനെടുത്ത ഒരാള്‍ക്ക് കോവിഡ് പിടിപെട്ടാല്‍, വാക്‌സിനെടുക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത വളരെയധികം കുറവായിരിക്കും. 
ഇന്ത്യയില്‍ ഇതുവരെ നടന്ന കോവിഡ് വാക്‌സിനേഷന്‍ ഐസിഎംആര്‍ പഠനവിധേയമാക്കിയപ്പോള്‍ 10,000ല്‍ 4 പേര്‍ക്ക് എന്ന നിരക്കില്‍ മാത്രമാണ് ബ്രെയ്ക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായതായി കണ്ടെത്തിയത്. ഇതില്‍ നിന്നും വാക്‌സിന്‍ സുരക്ഷിതമാണ് എന്നു മനസ്സിലാക്കാം. ലഭ്യമാകുന്ന മുറയ്ക്ക് മടികൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണം.

അതേസമയം വാക്‌സിനെടുത്തെന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാല്‍ രോഗം പിടിപെട്ടേക്കാം. ഗുരുതരമായ രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും രോഗം പകര്‍ത്താന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യും. സമൂഹത്തില്‍ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന ഘട്ടം വരെ നമ്മള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാണ്. ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com