400 രൂപയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ 1300 കോടി വേണം; അമിത ഭാരം അടിച്ചേല്‍പ്പിക്കരുത്: കേന്ദ്രത്തോട് സംസ്ഥാനം 

കോവിഡ് പ്രതിരോധം ഫലപ്രദമാകാന്‍ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  കോവിഡ് പ്രതിരോധം ഫലപ്രദമാകാന്‍ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കിയാല്‍ ദേശീയ തലത്തില്‍ തന്നെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കാന്‍ സാധിക്കും. ഇതിലൂടെ കോവിഡിനെ ഫലപ്രദമായി തടയാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചൂണ്ടിക്കാണിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഒരു ഡോസിന് 400 രൂപയ്ക്ക് പൊതുവിപണിയില്‍ നിന്ന് വാക്‌സിന്‍ വാങ്ങുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഏകദേശം 1300 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ സാമ്പത്തികഭാരം വലുതാണ്. ഇതിന് പുറമേ വാക്‌സിന് കൂടി പണം കണ്ടെത്തേണ്ടി വരുന്നത് സംസ്ഥാനത്തിന് മേല്‍ അമിത സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കലായി മാറുമെന്നും യോഗത്തെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഘട്ടം ഘട്ടമായി നല്‍കാനാണ് ആലോചിക്കുന്നത്. പ്രായപരിധി നിശ്ചയിച്ച് വിവിധ സമയങ്ങള്‍ അനുവദിക്കും. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. നിലവില്‍ കേരളത്തിന്റെ കൈവശമുള്ള വാക്‌സിന്‍ രണ്ടു ദിവസം കൊണ്ട് തീര്‍ന്നുപോകും. ഉടന്‍ 50 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com