ഇന്നും നാളെയും ലോക്ക്ഡൗണിന് സമാനം, പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം, കടുത്ത നിയന്ത്രണങ്ങൾ

വിവാഹം, മരണം, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാനും അനുവാദമുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; ഇന്നും നാളെയും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യസർവീസുകൾക്ക് മാത്രമേ പ്രവര്‍ത്തിക്കുകയൊള്ളു. എല്ലാവരും വീട്ടിൽ തന്നെ കഴിയണം. ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ സ്വന്തമായി തയാറാക്കിയ സത്യവാങ്മൂലം കരുതണം. കോവിഡ്  വ്യാപനം രൂക്ഷമായതോടെ തുടർന്ന് എന്തൊക്കെ നിയന്ത്രണങ്ങൾ വേണമെന്ന് തിങ്കഴാഴ്ച സർവകക്ഷി യോഗത്തിൽ തീരുമാനിക്കും. 

വിവാഹം, മരണം, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാനും അനുവാദമുണ്ട്. എന്നാല്‍ ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം. ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാസമയത്ത് യാത്രക്കാര്‍ക്ക് ടിക്കറ്റ്/ ബോര്‍ഡിങ് പാസ്, തിരിച്ചറിയല്‍ കാര്‍ഡ് ഇവയെല്ലാം കാണിക്കാവുന്നതാണ്. 

അനാവശ്യമായ യാത്രകളും പരിപാടികളും അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹോളുകള്‍ക്കുള്ളില്‍ പരമാവധി 75 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്കാണ് പങ്കെടുക്കാവുന്നത്. വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്രയില്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. ദീര്‍ഘദൂര യാത്ര പൊതുവെ ഒഴിവാക്കണം. 

ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ പൊതുജനത്തിന് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. ഇതിനായി സത്യപ്രസ്താവന കൈയില്‍ കരുതണം. വീടുകളില്‍ മത്സ്യം എത്തിച്ച് വില്‍പന നടത്തുന്നതില്‍ തടസ്സമില്ല. എന്നാല്‍ വില്‍പനക്കാര്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. ടെലികോം, ഐ ടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക. 

നാളത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്രചെയ്യാന്‍ അനുവാദമുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ കൂട്ടം കൂടി നില്‍കാതെ ഉടന്‍ മടങ്ങണം. യാത്രാസൗകര്യങ്ങള്‍ വേണ്ട ഇടപെടലുകള്‍ നടത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com