കൊച്ചി മെട്രോയിലെ എച്ച് ആർ മാനേജർക്ക് യോ​ഗ്യതയില്ലെന്ന് തമിഴ്നാട് സ്വദേശി; നിയമനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

എച്ച്ആർ അഡ്മിൻ ആന്‍റ് ട്രെയിനിംഗ് ജനറൽ മാനേജറായി പ്രദീപ് പണിക്കരെന്ന വ്യക്തിയെ നിയമിച്ച നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ആരോഗ്യസ്വാമി ഹർജി സമർപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി; കൊച്ചി മെട്രോ കമ്പനി എച്ച് ആ‍‌‍‌ർ ജനറൽ മാനേജ‍‌‌‍‍‌ർ തസ്തികയിൽ നടത്തിയ നിയമനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. ഉദ്യോ​ഗാർത്ഥിയായിരുന്ന തമിഴ്നാട് സ്വദേശിയുടെ ഹർജിയിലാണ് വിധി. എച്ച്ആർ അഡ്മിൻ ആന്‍റ് ട്രെയിനിംഗ് ജനറൽ മാനേജറായി പ്രദീപ് പണിക്കരെന്ന വ്യക്തിയെ നിയമിച്ച നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ആരോഗ്യസ്വാമി ഹർജി സമർപ്പിച്ചത്. നിയമനം ലഭിക്കാൻ ഇയാൾ അർഹനല്ല എന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. 

കെഎംആർഎല്ലിൽ എച്ച്ആർ ജനറൽ മാനേജർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിന് ശേഷം മൂന്നാം റാങ്കാണ് ആരോഗ്യസ്വാമിക്ക് ലഭിച്ചത്. ഒന്നാം റാങ്ക് ലഭിച്ച പ്രദീപ് പണിക്കർ നിയമനം ലഭിക്കുന്നതിന് അയോഗ്യൻ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഹർജിയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ. എച്ച് ആർ മേഖലയിൽ 20 വർഷത്തെ പ്രവർത്തി പരിചയം വേണമെന്നിരിക്കെ പ്രദീപ് പണിക്കർക്കുണ്ടായിരുന്നത് 19 വർഷം 10 മാസത്തെ കാലാവധി മാത്രം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ മാനേജ്മെന്റിൽ നിന്നും രണ്ട് വർഷത്തെ പിജി പേഴ്സണൽ മാനേജ്മെന്‍റ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയെന്ന പ്രതിഭാഗത്തിന്‍റെ വാദം തെറ്റാണ്. എഐസിടിഇ അനുമതിപ്രകാരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ മാനേജ്മെന്റിൽ ഈ കോഴ്സ് മൂന്ന് വർഷം പാർട് ടൈം രീതിയിലാണ് നടത്തുന്നത്.

കെഎംആർഎൽ നടത്തുന്ന അഭിമുഖം സുതാര്യമാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ രേഖകൾ പരിശോധിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ആരോപണങ്ങളിൽ തള്ളാൻ കഴിയുന്നതല്ലെന്ന് വ്യക്തമാക്കി. മാത്രമല്ല തൊഴിൽ ഉടമയുടെ കൈപ്പടയിൽ, സീൽ പോലുമില്ലാതെ പ്രദീപ് പണിക്കർ ഹാജരാക്കിയ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് മതിപ്പ് ഉളവാക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് ഒരു മാസത്തിനകം നിയമനം പുനപരിശോധിച്ച് തുടർനടപടികളെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കമ്പനി അനധികൃത നിയമനത്തിന് വഴിതുറന്ന് പ്രവർത്തന മഹിമ നശിപ്പിക്കില്ലെന്നാണ് ബോധ്യമെന്നും കോടതി ഉത്തരവിൽ പരാമർശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com