'കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം'; 'ബിജെപി കോടിക്കണക്കിന് രൂപ കുഴല്‍പ്പണം കൊണ്ടുവന്നു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം': എല്‍ഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബിജെപിക്ക് കോടികണക്കിന് രൂപ കുഴല്‍പണമായി കൊണ്ടുവന്ന സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് എല്‍ഡിഎഫ്.
എ വിജയരാഘവന്‍/ഫയല്‍ ചിത്രം
എ വിജയരാഘവന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബിജെപിക്ക് കോടികണക്കിന് രൂപ കുഴല്‍പണമായി കൊണ്ടുവന്ന സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് എല്‍ഡിഎഫ്. ഈ കള്ളപ്പണത്തില്‍ നിന്ന് മൂന്നര കോടി രൂപ തൃശൂര്‍ കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാനമായ സംഭവം പാലക്കാടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് ഇവിടെ വെളിപ്പെട്ടത്. ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പിന് മൂന്നു ദിവസംമുമ്പാണ് കുഴല്‍പണമായി ബിജെപിക്ക് പണമെത്തിയത്. ഇതില്‍നിന്നാണ് മൂന്നര കോടിരൂപ കൊള്ളയടിച്ചത്. കേരളത്തില്‍ ഇത്തരം സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്. ക്വട്ടേഷന്‍ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും അതിന് പിന്നില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് പങ്കുള്ളതായും പരാതിയുണ്ട്. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി എത്തിയ കള്ളപ്പണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്. പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായാണ് കൊള്ളയടിക്കപ്പെട്ട പണമെത്തിയത്. സമാനമായി എല്ലാ ജില്ലകള്‍ക്കും പണമെത്തിക്കാണും. അതിനാല്‍ ഇതേകുറിച്ച് സമഗ്രമായ അന്വേഷണം വേണം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിതന്നെ കള്ളപ്പണത്തിന്റെ ഗുണഭോക്താക്കളാകുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞ് മുമ്പ് നേട്ടുനിരോധനം ഏര്‍പ്പെടുത്തിയവരുടെ ഈ ചെയ്തി ജനം ചര്‍ച്ച ചെയ്യണമെന്നും  വിജ.രാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വലിയ തോതില്‍ പണം ഒഴുക്കുന്നതായി എല്‍ഡിഎഫ് ചൂണ്ടിക്കാട്ടിയതാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് പണമെത്തിച്ചത്. ഇതിനായി ചില പ്രമുഖര്‍ ദിവസങ്ങളോളം കേരളത്തില്‍ തങ്ങി. പണം വാരിവിതറി വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കലായിരുന്നു ലക്ഷ്യം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബിജെപിയുടെ ആ തന്ത്രം കേരളം അര്‍ഹിക്കുന്ന അവഞ്ജതയോടെ തള്ളിയതായി ബോധ്യപ്പെടും. ബിജെപിക്കാണ് കുഴല്‍പണം കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടും ആ പാര്‍ടിയുടെ പേര് പറയാന്‍ മിക്ക മാധ്യമങ്ങളും മടിക്കുകയാണ്. ഈ ഭയം ജനാധിപത്യത്തിനും മാധ്യമ നിഷ്പക്ഷതക്കും ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com