സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ഒപി; ടെലി മെഡിസിന്‍ സംവിധാനം; താലൂക്ക് തല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

എല്ലാ സ്വകാര്യ ആശുപത്രികളും ഓരോ ദിവസത്തെയും ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കണം
ജില്ലാ കളക്ടർ എസ്. സുഹാസിൻ്റെ അധ്യക്ഷതയിൽ ഓണ് ലൈനായി  ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം
ജില്ലാ കളക്ടർ എസ്. സുഹാസിൻ്റെ അധ്യക്ഷതയിൽ ഓണ് ലൈനായി ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം

കൊച്ചി: ജില്ലയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ സേവനം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എല്ലാ സ്വകാര്യ ആശുപത്രികളിലെയും 25% ബെഡുകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കാന്‍ യോഗം തീരുമാനിച്ചു. 

എല്ലാ സ്വകാര്യ ആശുപത്രികളും ഓരോ ദിവസത്തെയും ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കണം. ഓക്‌സിജന്‍ ബഫര്‍ സ്‌റ്റോക്കിന്റെ വിവരങ്ങള്‍ ഓരോ ദിവസവും നല്‍കണം. 

കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് വീടുകളില്‍ തന്നെ കഴിയുന്നതിനുള്ള സംവിധാനവും ടെലിമെഡിസിന്‍ സൗകര്യവും സ്വകാര്യ ആശുപത്രികളള്‍ ഒരുക്കണം. ഇതിനായി ആശുപത്രികള്‍ക്ക് ടെലിമെഡിസിന്‍, ഹോം ക്വാറന്റൈന്‍ പാക്കേജുകള്‍ ആരംഭിക്കാം. കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്കായി എഫ്എല്‍ടിസികള്‍ സജ്ജമാക്കാനും സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. 

പൊതുസ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്കായി താലൂക്ക് തല കണ്‍ട്രോള്‍ റൂം ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും. താലൂക്ക് തലത്തില്‍ തന്നെയുള്ള ആശുപത്രി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കോവിഡ് ചികിത്സ ലഭ്യമാക്കുന്നതിനാണിത്. 

കോവിഡ് പോസിറ്റീവ് ആകുന്ന രോഗികള്‍ക്ക് പോസിറ്റീവായി മൂന്ന് ദിവസത്തിനു ശേഷം എക്‌സ്‌റേ, രക്തപരിശോധന പോലുള്ള പരിശോധനകള്‍ നടത്തുന്നതിന് പരമാവധി സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ഒപി ആരംഭിക്കാനും തീരുമാനിച്ചു. 

സ്വകാര്യ ആശുപത്രികളിലെ ബെഡുകളുടെ ലഭ്യത അടക്കമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചു. സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സമിതി ഓരോ ദിവസവും നിരീക്ഷിച്ച് ജില്ലാ കളക്ടര്‍ക്ക്് റിപ്പോര്‍ട്ട് നല്‍കണം. 

ഓക്‌സിജന്‍ വെന്‍ഡേഴ്‌സ്, ഓക്‌സിജന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ എന്നിവരുടെ പിന്തുണ സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാക്കുന്നതിന് ജില്ലാ തലത്തില്‍ നടപടി സ്വീകരിക്കും. എല്ലാ സ്വകാര്യ ആശുപത്രികളും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യില്‍ രണ്ടു ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യാനും കളക്ടര്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com