തകരാറ് പരിഹരിക്കാൻ കാറിനടിയിൽ കയറി, മധ്യഭാ​ഗം ദേഹത്ത് ഞെരിഞ്ഞമർന്നു; റോഡിൽ യുവാവ് മരിച്ചനിലയിൽ, ദുരൂഹത

ഒരു രാത്രി മുഴുവൻ വഴിയിൽ കിടന്ന മൃതദേഹം അടുത്തദിവസം അതുവഴിപോയ പത്രവിതരണക്കാരനാണ് കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം; യുവാവിനെ നടുറോഡിൽ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബസ് ഡ്രൈവറായ ചമ്പക്കര കൊച്ചുകണ്ടം സ്വദേശി രാഹുൽ രാജുവിനെ (35)യാണ് ഇന്നലെ രാവിലെ റോഡിനു നടുവിൽ നിർത്തിയിട്ട സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു രാത്രി മുഴുവൻ വഴിയിൽ കിടന്ന മൃതദേഹം അടുത്തദിവസം അതുവഴിപോയ പത്രവിതരണക്കാരനാണ് കണ്ടത്. മരണത്തിൽ ദുരൂഹത ആരോപിച്ച് വീട്ടുകാർ രം​ഗത്തെത്തി. 

കാറിന്റെ തകരാർ പരിഹരിക്കാൻ അടിയിൽ കയറിയ രാഹുൽ പുറത്തിറങ്ങാനാകാതെ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാറിന്റെ മധ്യഭാഗം ദേഹത്ത് ഞെരിഞ്ഞമർന്നിരുന്നു. വായിൽ നിന്നു രക്തവും നുരയും പതയും വന്ന നിലയിലായിരുന്നു. കോട്ടയം - പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ചമ്പക്കര ബസിലെ ഡ്രൈവറാണ് രാഹുൽ. വെള്ളി രാത്രി 7.45നു ബസ് സർവീസ് അവസാനിപ്പിച്ച രാഹുൽ വീട്ടിൽ എത്തിയില്ല. സുഹൃത്തായ കണ്ടക്ടറുടെ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ നെടുങ്കുന്നത്തിനു പോകുന്നതായും രാത്രി വൈകി എത്തുമെന്നും ഭാര്യ ശ്രീവിദ്യയെ ഫോണിൽ അറിയിച്ചിരുന്നു. രാത്രി എത്താതെ വന്നപ്പോൾ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുത്തില്ലെന്നു ഭാര്യ പറയുന്നു.

വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറി ചമ്പക്കര തുമ്പച്ചേരിൽ ബാങ്കുപടി ഭാഗത്താണ് രാഹുലിന്റെ ജഡം കണ്ടത്. ഇന്നലെ രാവിലെ പത്രവിതരണത്തിന് എത്തിയ യുവാവ് നടുറോഡിൽ നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ്  മൃതദേഹം കണ്ടത്. രാഹുലിന്റെ ശരീരത്തിലും തലയ്ക്കും പരുക്കുണ്ടെന്നും രക്തം വാർന്നിട്ടുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് രാജപ്പൻ പൊലീസിൽ പരാതി നൽകി. അതേസമയം വാഹനം രാഹുലിന്റെ ശരീരത്തിൽ അമങ്ങിയിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മരണശേഷം നടത്തിയ പരിശോധനയിൽ രാഹുലിന് കോവിഡ്  സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിച്ച എസ്ഐയും എഎസ്ഐയും ഉൾപ്പെടെ 4 പൊലീസുകാർ ക്വാറന്റീനിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com