ബാങ്കിലെ വനിതാ ജീവനക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഇ-മെയില്‍ ചെയ്യാം; ഉദ്യോഗസ്ഥയെ അപമാനിച്ച മാനേജ്‌മെന്റിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ബാങ്കുകളിലെ വനിതാ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ബാങ്ക് ഓഫ് ബറോഡ പുതിയകാവ് ശാഖയിലെ ഓഫീസര്‍ പി എന്‍ ഷീബയെ ഫോണില്‍ വിളിച്ച് അപമാനിച്ചുവെന്നും നിയമവിരുദ്ധമായി ശമ്പളം തടഞ്ഞുവയ്ക്കാന്‍ നോട്ടീസ് നല്‍കി എന്നുമുള്ള പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണല്‍ ഓഫീസ് ജനറല്‍ മാനേജര്‍ കെ വെങ്കടേശന്‍, റീജണല്‍ ഹെഡ് ആര്‍ ബാബു രവിശങ്കര്‍, എച്ച്ആര്‍ സീനിയര്‍ മാനേജര്‍ അനില്‍കുമാര്‍ പി നായര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കി ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് മാനേജ്‌മെന്റിനെതിരെ വനിതാ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ബാങ്കുകളിലെ വനിതാ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.     വനിതാ ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ ഇ-മെയില്‍ അയയ്ക്കാം. ആറ് മാസത്തിനകം ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബാങ്കിങ് സമയം ഉച്ചയ്ക്ക് രണ്ട് മണിവരെയായി നിജപ്പെടുത്തിയിട്ടും വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിര്‍ബന്ധിത ഡ്യൂട്ടിക്ക് വിധേയമാക്കുന്ന ബാങ്ക് അധികൃതരുടെ നടപടി തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. വിഷയത്തില്‍ വനിതാ കമ്മീഷന്‍ ബാങ്കിലെത്തി തെളിവെടുപ്പു നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ അറിയിച്ചു. 

ബാങ്കിങ്ങ് മേഖല തൊഴിലാളി വിരുദ്ധമാണെന്ന പൊതുധാരണ ശരിവയ്ക്കുന്നതാണ് സമീപകാല സംഭവങ്ങള്‍. കനറാബാങ്ക് തൊക്കിലങ്ങാടി ശാഖാ അസിസ്റ്റന്റ് മാനേജര്‍ സ്വപ്‌ന തൊഴിലിടത്തില്‍ ആത്മഹത്യചെയ്യാനിടയായതും മാനേജ്‌മെന്റിന്റെ അഴിമതി കണ്ടെത്തിയതിന് പിരിച്ചുവിടപ്പെട്ട കനറാ ബാങ്കിലെതന്നെ ലോ ഓഫീസര്‍ പ്രിയംവദ നടത്തുന്ന നിയമപോരാട്ടാം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍ ആരോടും പരാതിപറയാനാകാതെ നിയമനം ലഭിച്ച് സമൂഹത്തില്‍ മാന്യമായ തൊഴിലുണ്ട് എന്ന കാരണത്താല്‍ തങ്ങള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെ മനസ്സിലൊതുക്കി കഴിയുകയാണ് ബഹുഭൂരിപക്ഷം വരുന്ന ബാങ്ക് ജീവനക്കാരായ സ്ത്രീകളും. എന്നാല്‍ അവര്‍ക്ക് സധൈര്യം വനിതാ കമ്മിഷനോട് തുറന്നുപറയാവുന്നതാണ്. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ സ്ത്രീ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍keralawomenscommission@yahoo.co.in എന്ന ഇ-മെയിലില്‍ അവരവര്‍ക്ക് തന്നെ കമ്മീഷനെ അറിയിക്കാവുന്നതാണ്. കമ്മീഷന്‍ അടുത്ത ആറ് മാസത്തിനകം ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ക്ക് വിശദമായ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണെന്ന് ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com